തെരച്ചില്‍ ഒമ്പതാംദിനം : ചാലിയാറില്‍ കണ്ടെത്തിയത് ഒരു മൃതദേഹവും നാലു ശരീരഭാഗങ്ങളും
Thursday, August 8, 2024 1:23 AM IST
എടക്കര: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ചാലിയാര്‍ പുഴയില്‍ ഒമ്പതാംദിനത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹവും നാല് ശരീരഭാഗങ്ങളും രക്ഷാസേനകള്‍ കണ്ടെടുത്തു.
ചലിയാറിന്റെ ഇരുട്ടുകുത്തിയില്നിന്നു രണ്ടും വാണിയംപുഴ പനങ്കയം ഭാഗങ്ങളില്‍നിന്ന് ഓരോ ശരീരഭാഗവുമാണ് കണ്ടെത്തിയത്. വാണിയംപുഴ ഗോത്രവര്‍ഗ ഊരുകാരാണ് വൈകുന്നേരം ഒരു ശരീരഭാഗം പുഴയോരത്ത് കണ്ടത്.
നിലമ്പൂര്‍ ചാലിയാര്‍ മുക്കില്‍നിന്നു നാനൂറ് മീറ്റര്‍ താഴെയായി മഞ്ചേരിയില്നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലില്‍ അരയ്ക്കു മുകളിലേക്കുള്ള ഒരു പുരുഷന്റെ മൃതദേഹവും കണ്ടെടുത്തു.
വൈകുന്നേരം തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ പോത്തുകല്‍ സിഐ ദീപക് കുമാറിന്റെ നേതൃത്വത്തില്‍ ഇരുട്ടുകുത്തി മുതല്‍ വാണിയംപുഴ പ്ലാന്റേഷന് കോര്പറേഷന് തോട്ടം വരെ ചാലിയാറിന്റെ ഇരുതീരങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.
ഇരുട്ടുകുത്തിയില്നിന്നു താഴേക്കുള്ള ഭാഗങ്ങളില്‍ അമ്പത് അംഗ എംഎസ്പി സേനയും അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തെരച്ചില്‍ നടത്തി. പോത്തുകല്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായ തെരച്ചിലും ഇന്നലെ നടന്നു.
ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍നിന്നുള്ള 1026 പേരാണ് ബുധനാഴ്ചയും തെരച്ചിലില്‍ വ്യാപൃതരായത്. കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ റെസ്ക്യൂ സംഘം, ഡെല്‍റ്റ സ്ക്വാഡ്, എസ്ഒജി, കേരള, തമിഴ്നാട് ഫയര്‍ റെസ്ക്യു ടീമുകള്‍, കെ 9 ഡോഗ് സ്ക്വാഡ്, വനം തുടങ്ങിയ സേനാവിഭാഗങ്ങളും ചൂരല്‍മല സൂചിപ്പാറ മുതല്‍ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ തെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധപ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
ദുര്‍ഗന്ധം വമിക്കുന്ന ഭാഗങ്ങളില്‍ മണ്ണു മാറ്റിയുള്ള പരിശോധനയിലാണ് ഇരുട്ടുകുത്തിയില്‍നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഇവയെല്ലാം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.