മക്കളുടെ ചോദ്യം മനസിൽ തട്ടി ;12 സെന്റ് ദാനം ചെയ്ത് ഷിജു
Thursday, August 8, 2024 1:23 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: ‘അച്ഛാ, ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളുടെ വീടൊക്കെയല്ലേ പോയത്, ഇനി രാത്രി അവർ എവിടെ ഉറങ്ങും? അവര്‍ക്ക് എന്തെങ്കിലും കൊടുത്താലോ?’ വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതുമുതല്‍ ആറാം ക്ലാസുകാരി എസ്. ആരുഷിയും മൂന്നാം ക്ലാസുകാരന് എസ്. ആരോയും അച്ഛന് വി.എസ്. ഷിജുവിനോട് ദിവസവും ആവർത്തിക്കുന്ന ചോദ്യങ്ങളാണിത്.
ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് കഴിഞ്ഞദിവസം സ്കൂളില്‍ അധ്യാപകര്‍ പറഞ്ഞപ്പോള്‍ മക്കള്‍ വീട്ടിലെത്തി വീണ്ടും ചോദിച്ചു. ആ കുട്ടികൾക്ക് നമ്മള് എന്തുകൊടുക്കും അച്ഛാ. ജെസിബി-ടിപ്പർ സർവീസ് നടത്തുന്ന വൈക്കം ചെമ്പ് വൈക്കംപറമ്പില്‍ വീട്ടില്‍ വി.എസ്. ഷിജു മറ്റൊന്നും ആലോചിച്ചില്ല.
കണ്ണൂര്‍ ചെറുപുഴ തിരുമേനിയില്‍ സ്വന്തമായുള്ള സ്ഥലത്തില്‍നിന്ന് 12 സെന്റ് വയനാട്ടിലെ ദുരന്തബാധിതരായ മൂന്നു കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി നല്‍കാമെന്ന് മനസിൽ ഉറപ്പിച്ചു.
തീരുമാനം അദ്ദേഹം സുഹൃത്തും മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനുമായ ശര്‍മ പ്രസാദിനെ അറിയിച്ചു. ശര്‍മ പ്രസാദ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥിനു വിവരം കൈമാറി.
അനിലിന്റെ നിര്‍ദേശപ്രകാരം മന്ത്രി രാജന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സുനിൽ, വൈക്കം എംഎല്‍എ ആശ, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ മണി എന്നിവരെ ശര്‍മ പ്രസാദ് ഇക്കാര്യം അറിയിച്ചു.
മൂവരും ഷിജുവിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എംഎല്‍എ ഇന്നലെ ആധാരത്തിന്റെ കോപ്പികള്‍ ഷിജുവിൽനിന്നു കൈപ്പറ്റി.
ആരുഷി ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസിലും ആരോ ചെമ്പ് എസ്എന്‍എല്‍പി സ്കൂളിലുമാണ് പഠിക്കുന്നത്.