സിദ്ദിഖ് ഇല്ലാതെ ഒരാണ്ട്
Thursday, August 8, 2024 1:23 AM IST
കൊച്ചി: മലയാളികളെ ആവോളം ചിരിപ്പിച്ച ഫാമിലി ഹിറ്റ് സിനിമകളുടെ സംവിധായകന് സിദ്ദിഖ് ഓർമയായിട്ട് ഇന്ന് ഒരു വര്‍ഷം. 37 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ ചെയ്ത സിനിമകളിലെല്ലാം തനിയാവര്‍ത്തനമില്ലാത്ത നര്‍മം വിതറി വ്യത്യസ്തനായ ഇദ്ദേഹത്തിന്റെ യാദൃച്ഛികമായ വിയോഗം ഇന്നും സഹപ്രവര്‍ത്തകര്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും തീരാവേദനയാണ്.
സിദ്ദിഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് അനുസ്മരണപരിപാടി നടത്തിയിരുന്നു. പി.എ.മെഹബൂബ് രചിച്ച ‘സിദ്ദിഖ് ചിരിയുടെ രസതന്ത്രം’ എന്ന പുസ്തകവും കലാഭവനില്‍ സിദ്ദിഖിന്റെ ചിത്രവും അനാച്ഛാദനം ചെയ്തു.
കലാഭവനില്‍ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങിയ സിദ്ദിഖ് ഉറ്റ സുഹൃത്ത് ലാലുമായുള്ള കൂട്ടുകെട്ടില്‍ ഹാസ്യത്തോടൊപ്പം കാമ്പുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.
സംവിധാനരംഗത്ത് ലാലുമായുള്ള കൂട്ടുകെട്ട് വിട്ടശേഷം 13 മലയാള സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തു. രണ്ടു സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും ചെയ്തു.