വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അർഹമായ സ്ഥലംമാറ്റം അട്ടിമറിക്കുന്നുവെന്ന്
Thursday, August 8, 2024 1:23 AM IST
ആലുവ: വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥലംമാറ്റം അട്ടിമറിക്കുന്നതായി കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ.
സ്ഥലംമാറ്റം ഓൺലൈനാക്കുന്നില്ലെന്നും ഇഷ്ടക്കാർക്ക് അനധികൃതമായി സ്ഥലംമാറ്റം നൽകുന്നതായും ചിലർ പത്തുവർഷത്തിലധികം തുടർച്ചയായി തസ്തികയിൽ തുടരുന്നതായും സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാറും ജനറൽ സെക്രട്ടറി കെ. രാജീവും ആരോപിച്ചു.
ഈ വർഷവും മാന്വൽ രീതിയിലാണു മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്. 2017 മുതൽ ഓരോ വകുപ്പിലും സ്ഥലംമാറ്റം ഓൺലൈനാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് നീതി നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അവകാശപ്പെട്ട തസ്തികകൾ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നതായും യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.
സംസ്ഥാന സമ്മേളനം ആലുവയിൽ
വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും ആലുവ നമ്പൂരിമഠം ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ 10.30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ അധ്യക്ഷത വഹിക്കും.
രണ്ടിനു നടക്കുന്ന വിദ്യാഭ്യാസ സെമിനാർ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. നാലിന് യാത്രയയപ്പ് സമ്മേളനം എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം രാവിലെ ഒന്പതിന് സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ, ജനറൽ സെക്രട്ടറി കെ. രാജീവ്, സെക്രട്ടറി ടി.വി. രഘുനാഥൻ, ടി.യു. അനൂബ്, വി.വി.കെ. സഈദ്, പ്രസാദ് എന്നിവർ പങ്കെടുത്തു.