കെഎസ്ആർടിസി ശമ്പളവും പെൻഷനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ കൺസോർഷ്യത്തിലേക്ക്
Thursday, August 8, 2024 1:23 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും വിതരണം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ കൺസോർഷ്യത്തിലേക്ക്. 26,000ൽ അധികം ജീവനക്കാരുടെ ശമ്പളവും 42,000-ലധികം വിരമിച്ചവരുടെ പെൻഷനും എസ്ബിഐ മുഖേനയാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്.
കെഎസ്ആർടിസിയുടെ കൺസോർഷ്യം മെംബർ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുമായി ചർച്ച നടത്തി. ഈ രണ്ട് ബാങ്കുകളും ജീവനക്കാർക്കും പെൻഷൻകാർക്കും പരമാവധി ആനുകൂല്യങ്ങൾ നല്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നല്കുന്നവരെ പരിഗണിച്ചാൽ മതിയെന്ന നിലപാട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്വീകരിക്കുകയും അനുമതി നല്കുകയും ചെയ്തു.
ജീവനക്കാർക്കും പെൻഷൻകാർക്കും അവർക്ക് താത്പര്യമുള്ള ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ച് രേഖകൾ യൂണിറ്റ് ഓഫീസുകളിൽ ഹാജരാക്കാൻ സിഎംഡി പ്രമോജ് ശങ്കർ നിർദേശം നൽകി .
പഴഞ്ചൻ ബസുകൾ മാറ്റുന്നതിന് 1000 ബസ് വാങ്ങാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിന് 300 കോടി രൂപ വായ്പ ബാങ്ക് കൺസോർഷ്യത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു ലഭ്യമായില്ല. ഇതും അക്കൗണ്ടുകൾ മാറ്റുന്നതിന് കാരണമായിട്ടുണ്ട്.
300 കോടി വായ്പ ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസി കേരള ബാങ്കിനെ സമീപിക്കുകയും അവർ വായ്പ അനുവദിക്കാൻ സന്നദ്ധരാവുകയും ചെയ്തു. വായ്പ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ആർടിസി വക്താവ് പറഞ്ഞു.