സ്കില്‍ പാര്‍ക്കില്‍ ഫുട്ട് വെയര്‍ പരിശീലന കേന്ദ്രത്തിന് ധാരണ: മന്ത്രി ആർ. ബിന്ദു
Thursday, August 8, 2024 1:23 AM IST
മലപ്പുറം: ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലെ അസാപ് കേരളയുടെ തവനൂര്‍ സ്കില്‍ പാര്‍ക്കില്‍ സെന്‍ട്രല്‍ ഫുട്ട് വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ധാരണയായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു.
മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി സെന്‍ട്രല്‍ ഫുട്ട്വെയര് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (സിഎഫ്ടിഐ) ചേര്‍ന്ന് നോണ്‍ ലെതര്‍ പാദരക്ഷ നിര്‍മാണ മേഖലയിലുള്ള നൂതന പരിപാടികള്‍ സംഘടിപ്പിക്കാനാണു തീരുമാനം. പാദരക്ഷ നിര്‍മാണ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ആവശ്യാനുസരണം അവരുടെ തൊഴിലാളികള്‍ക്കുള്ള പ്രത്യേക നൈപുണ്യ വികസന കോഴ്സുകളും ഇതോടൊപ്പം ലഭ്യമാക്കും.
ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍, ബേസിക് കട്ടിംഗ് ഓപ്പറേറ്റര്‍, ഫുട്ട്വെയര് (സിഎഡി/സിഎഎം) ഓപ്പറേറ്റര്‍, ലൈന്‍ സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി ഹ്രസ്വകാല, ദീര്‍ഘകാല കോഴ്സുകള്‍ പരിഗണനയിലുണ്ടെന്നു മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരളയും സെന്‍ട്രല്‍ ഫുട്ട്വെയര് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ സാന്നിധ്യത്തില്‍ അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസും സിഎഫ്ടിഐ ചെന്നൈ ഡയറക്ടര്‍ കെ. മുരളിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഹെഡ് ഇ.വി. സജിത്കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ കെ.വി. രാകേഷ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍, സിഎഫ്ടിഐ ചെന്നൈ നാഗരാജന് എന്നിവര്‍ പങ്കെടുത്തു.