ലഹരിക്കേസിൽ മുങ്ങിയ പ്രതി വീണ്ടും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
Thursday, August 8, 2024 1:23 AM IST
ആലുവ: വളർത്തുനായയെ അഴിച്ചുവിട്ട് കോട്ടയത്തുനിന്ന് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് ആലുവയിൽനിന്നും രക്ഷപ്പെട്ടു. ആലുവ എടയപ്പുറത്ത് ഒളിവിൽ താമസിക്കാനെത്തിയ വീട്ടിൽനിന്നാണ് സൂര്യൻ (24) എന്നയാൾ രക്ഷപ്പെട്ടത്.
ഒളിവിൽ താമസിക്കാൻ എടയപ്പുറത്തെ വീട്ടിൽ സൗകര്യമൊരുക്കിയ അമ്മയും കോട്ടയം നഗരസഭ മുൻ കൗൺസിലറുമായ രേഖ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ സഹായികളെന്ന് സംശയിക്കുന്ന നാല് യുവാക്കളെയും രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മനക്കത്താഴം കവലയ്ക്കു സമീപം ഒരു മാസമായി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്ന യുവദമ്പതികളുടെ വീട്ടിലാണ് ലഹരിക്കേസ് പ്രതി സൂര്യനും അമ്മ രേഖ രാജേഷുമെത്തിയത്. ഇവർക്കൊപ്പം മറ്റൊരു കാറിൽ നാല് യുവാക്കളും എത്തിയിരുന്നു. പിന്നാലെയെത്തിയ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് വീടുവളഞ്ഞ് പിടികൂടാൻ ശ്രമിക്കുമ്പോഴാണ് മുഖ്യപ്രതി ഓടി രക്ഷപ്പെട്ടത്.
മുഖ്യപ്രതിയുടെ അമ്മയെ അറസ്റ്റ് ചെയ്യുന്നതു തടയാൻ വീട്ടിലുണ്ടായിരുന്ന ദമ്പതികൾ വിഫലശ്രമം നടത്തി. ആലുവ ടൗൺ സ്റ്റേഷനിൽനിന്നും വനിതാ പോലീസിനെ വിളിച്ചുവരുത്തിയാണ് രേഖയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരുകാറിൽ ഇവർക്കൊപ്പം എടയപ്പുറത്തെ വീട്ടിലെത്തിയ യുവാക്കളെയും കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഗമണ്ണിൽ വിനോദയാത്രയ്ക്കു പോകാനെന്ന പേരിലാണ് സൂര്യൻ എടയപ്പുറത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് കാറിലുണ്ടായിരുന്നവർ പറയുന്നത്. മുഖ്യപ്രതിയും അമ്മയും എടയപ്പുറത്തെത്തിയ ഇന്നോവ കാർ പോലീസ് ലോറിയിൽ കയറ്റി ആലുവ സ്റ്റേഷനിലേക്കു നീക്കി.
പ്രതിയുടെ കോട്ടയത്തെ വാടക വീട്ടിൽനിന്നു കാൽ കിലോ കഞ്ചാവും ആറു ഗ്രാം എംഡിഎംഎയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സൂര്യൻ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. കഞ്ഞിക്കുഴി ഭാഗത്ത് സ്വന്തം വീടുണ്ടായിട്ടും പ്രതി വാടക വീട്ടിൽ തനിച്ചു താമസിക്കുന്നത് ലഹരി ഇടപാടിനാണെന്നാണ് സൂചന.