പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ
Thursday, August 8, 2024 1:23 AM IST
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ സിറ്റി ടെലികമ്യൂണിക്കേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി റസാഖിനെ (46) ആണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
മേയിലായിരുന്നു കേസിനാസ്പദമായ സംഭവം.
വകുപ്പുതല ശിക്ഷാനടപടിയുടെ ഭാഗമായി കണ്ണൂരിൽ സ്ഥലംമാറിയെത്തിയതാണ് ഇയാൾ. ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്നതിനിടെ സമീപത്തെ ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലുമായി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസം കൗൺസലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്തു പറഞ്ഞത്. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
കണ്ണൂരിലെത്തിയ റസാഖ് ഇരിക്കൂറിനടുത്തുള്ള ഒരു യുവതിയെ മതാചാരപ്രകാരം വിവാഹം കഴിച്ചിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്ന് രണ്ടാം ഭാര്യ നൽകിയ പരാതിയിൽ രണ്ടു മാസമായി ഇയാൾ സസ്പെൻഷനിലായിരുന്നു.