ഖാദർ കമ്മിറ്റി ശിപാർശ: പത്തു മുതൽ 12 വരെ ക്ലാസുകളിലെ പൊതുപരീക്ഷ ഏപ്രിലിൽ നടത്തണം
Thursday, August 8, 2024 1:23 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊതു പരീക്ഷ ഏപ്രിൽ മാസം നടത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്ന് ഖാദർ കമ്മിറ്റി ശിപാർശ.
നിലവിൽ 10, 11, 12 ക്ലാസുകളിലെ പരീക്ഷകളുടെ പേരിൽ ഈ സ്കൂളുകളിലെ പ്രൈമറി കുട്ടികൾക്ക് പഠനദിനങ്ങൾ വലിയ തോതിൽ നഷ്ടപ്പെടുന്നത് അധികൃതർ ഗൗരവമായി കാണുന്നില്ലെന്നും പ്രാഥമികഘട്ടത്തിൽ ഒരു വിദ്യാർഥിക്ക് ലഭിക്കേണ്ട പല ശേഷികളും ഇതുമൂലം ലഭ്യമാകാതെ വരുന്നതായും ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പഠനദിനങ്ങളിൽ ഉണ്ടാവുന്ന കുറവിന്റെ പ്രതിഫലനം കുട്ടികളുടെ പഠനത്തെ ഗൗരവമായി ബാധിക്കുന്നതായി വിവിധ ഗവേഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. വലിയൊരു ഭാഗം കുട്ടികൾ കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നേടിയിട്ടില്ല.
പാഠ്യപദ്ധതിയുടെ ഉള്ളടക്കം തീരുമാനിക്കുന്ന ഒരു ഘട്ടത്തിലും യഥാർഥത്തിൽ കുട്ടികൾക്കു ലഭിക്കുന്ന പഠനദിനങ്ങൾ എത്ര എന്നത് വേണ്ടത്ര പരിഗണിക്കാറില്ല. ഇത് യഥാർഥത്തിൽ കുട്ടികളുടെ പഠനഭാരം വർധിപ്പിക്കുകയാണ്.
ഓരോ കുട്ടിയുടെയും പഠന വേഗത്തിന് അനുസരിച്ച് അവർക്ക് ആവശ്യമായ പഠനാനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിൽ സമയത്തിന്റെ അപര്യാപ്തത പ്രശ്നമാകുന്നു. സംസ്ഥാനത്ത് പരീക്ഷകൾക്ക് അമിത പ്രാധാന്യം നൽകുന്നതായും ഖാദർ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
പരീക്ഷകളുടെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് ഒരു ഘട്ടത്തിലും പൊതുസമൂഹം അന്വേഷിക്കാറില്ല. ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്ന ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവ അക്കാദമികമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമായ വിധത്തിലല്ല ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതായും കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്കൂളുകളിലേത് ഉൾപ്പെടെയുള്ള മേളകൾക്ക് ഉൾപ്പെടെ നഷ്ടപ്പെടുന്ന പഠനദിനങ്ങൾ കണക്കാക്കപ്പെടാതെ പോകുന്നു. സ്കൂളുകൾക്ക് അവധികൊടുക്കുന്നതുകൊണ്ടു മാത്രമല്ല പഠനദിനങ്ങൾ നഷ്ടപ്പെടുന്നത്. മേളകളുടെ സംഘാടകരായ അധ്യാപകർ ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാലുള്ള നഷ്ടവുമുണ്ട്. ഇത് ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടുന്നില്ല.
പരീക്ഷകൾക്കും മേളകൾക്കുമുള്ള തയാറെടുപ്പിന്റെ പേരിൽ അനൗദ്യോഗികമായി നൽകുന്ന അവധികളുണ്ട്. ഇവയും പഠനദിന നഷ്ടക്കണക്കിൽ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് ഒരു ഘട്ടത്തിലും കുട്ടികളുടെ അവകാശമായ വേണ്ടത്ര പഠനദിനങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന വിമർശനവുമുണ്ട്.
സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും അധ്യാപകലഭ്യത ഉറപ്പാക്കാൻ കഴിയണം. പലപ്പോഴും സംസ്ഥാനത്തെ മലയോരങ്ങളിലും എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിലും അധ്യാപകരെ തുടർച്ചയായി ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.
കാസർഗോഡ്, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ അധ്യാപകർ തുടർച്ചയായി ഇല്ലാത്ത സ്ഥിതിയുണ്ടാവുന്നു. ഇത്തരം സ്ഥലങ്ങളിൽ അധ്യാപകർക്ക് ക്വാർട്ടേഴ്സുകളോ ഹോസ്റ്റലുകളോ നിർമിച്ച് അധ്യാപകലഭ്യത ഉറപ്പാക്കാനാവശ്യമായ സംവിധാനം സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന നിർദേശവും മുന്നോട്ടുവയ്ക്കുന്നു.