വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്
Wednesday, August 7, 2024 2:52 AM IST
തിരുവനന്തപുരം: കോടതി ഉത്തരവു ലംഘിച്ച കേസിൽ കൊല്ലം നെടുങ്ങണ്ട എസ്എൻ ട്രെയിനിംഗ് കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നു കോടതി.
ഹർജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നാലാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവായി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്.
എസ്എൻ ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആർ. പ്രവീണ്‍ ആയിരുന്നു ഹർജിക്കാരൻ. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ചു വിധി സന്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാൻ മാനേജ്മെന്റ് തയാറായിരുന്നില്ല. പ്രവീണിനെ സർവീസിൽനിന്നു പിരിച്ചുവിടുകയും ചെയ്തു. വീണ്ടും പ്രവീണ്‍ കോടതിയെ സമീപിച്ചു നൽകിയ ഹർജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.