""വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു ''; കേന്ദ്ര വനം മന്ത്രിക്കെതിരേ മുഖ്യമന്ത്രി
Wednesday, August 7, 2024 2:52 AM IST
തിരുവനന്തപുരം: അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
""ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടു പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലായിരുന്നു സംസാരിച്ചത്.
എന്നാൽ, പിന്നീടു ചിലരുടെ നിലപാട് മാറി''. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽനിന്നു കേരളമാകെ മോചിതമായിട്ടില്ലെന്നതാണു വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണു വേണ്ടത്. അതിജീവനമാണു പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. മന്ത്രിയുടെ പ്രസ്താവന, ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്.
പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കൈയേറ്റവും അനധികൃത ഖനനവും ഒക്കെയാണു മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കാരണമെന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇത്തരം ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്രമന്ത്രി അപമാനിക്കുകയാണ്. കേരളത്തിലെ മലയോര മേഖലയെക്കുറിച്ചു ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.