100 വീടുകള്‍ നല്‍കുമെന്ന് കെസിബിസി
Wednesday, August 7, 2024 2:52 AM IST
കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ദീപികയുടെയും കേരള കത്തോലിക്കാ സഭയുടെയും നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ചുനല്‍കും.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) യുടെ യോഗത്തിലാണു തീരുമാനം. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാ സ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുക.
ആദ്യഘട്ടത്തില്‍ വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മിച്ചുനല്‍കും.
ഈ വീടുകള്‍ക്കാവശ്യമായ വീട്ടുപകരണങ്ങളും ലഭ്യമാക്കും. സഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം നല്‍കും.
സഭ ഇതിനോടകം നല്‍കിവരുന്ന കൗണ്‍സലിംഗ് സേവനവും തുടരും. ദീപികയും കേരള കത്തോലിക്കാ സഭയും ചേർന്നു നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് സഭയുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് ഈ സേവനവിഭാഗത്തിന്റെ പ്രവർത്തനം. കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുന്നത്.
വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു. ജീവന് നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നൽകുന്നു. സുമനസുകളായ എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കേരള കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.
പ്രസിഡന്റ് കര്‍ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുള്‍പ്പെടെ 36 ബിഷപ്പുമാര്‍ പങ്കടുത്തു.