വാളയാര്‍ കേസ് : എറണാകുളത്തേക്ക് മാറ്റാന്‍ അനുമതി
Wednesday, August 7, 2024 2:52 AM IST
കൊച്ചി: വാളയാറിലെ സഹോദരിമാരായ കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്കി.
സിബിഐയുടെ അപേക്ഷ അനുവദിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. പാലക്കാട് പോക്സോ പ്രത്യേക കോടതിയിലുള്ള കേസാണിത്.
കേസ് ഇവിടെ നിന്ന് മാറ്റുന്നതിനെ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം കോടതിയില്‍ എതിര്‍ത്തിരുന്നു. പോക്സോ കേസുകള്‍ പ്രത്യേക കോടതിയിലാണ് കേള്‍ക്കേണ്ടതെന്നും കക്ഷികളും സാക്ഷികളും പാലക്കാട്ടുകാരാണെന്നതു കണക്കിലെടുക്കണമെന്നും വാദിച്ചു.
എന്നാല്‍ സിബിഐ കോടതികളില്‍ മാത്രമേ സിബിഐക്ക് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകൂ എന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. മറിച്ചായാല്‍ ഭരണപരമായ പല നടപടിക്രമങ്ങള്‍ക്കും വഴിവയ്ക്കുമെന്നും ബുദ്ധിമുട്ടുണ്ടാക്കുമെന്നും നീതി വൈകുമെന്നും അറിയിച്ചു.