ഫാഷന്‍ ഗോള്‍ഡ് കേസ്: ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി
Wednesday, August 7, 2024 2:52 AM IST
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം.സി. കമറുദ്ദീന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
കമറുദ്ദീനു പുറമേ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ. പൂക്കോയ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താത്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
ഫാഷന്‍ ഗോള്‍ഡ് കമ്പനികള്‍, എം.സി. കമറുദ്ദീന്, ടി.കെ. പൂക്കോയതങ്ങള്‍ എന്നിവര്‍ക്കെതിരേ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 168 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ആകര്‍ഷകമായ തുക വാഗ്ദാനം ചെയ്തു നിക്ഷേപകരെ കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു പ്രതികളായ കമ്പനിയും ഡയറക്ടര്‍മാരും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം ശേഖരിച്ചതെന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ ഏകദേശം 20 കോടി രൂപയാണു തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിരുന്നു.
എന്‍ആര്‍ഐ നിക്ഷേപകരെയടക്കം ഉള്‍പ്പെടുത്തി ഷെയര്‍ വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയതെന്ന് ഇഡിയും കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി അറിയിച്ചു.