ടിങ്കു ബിസ്വാളിന്റെ ഉത്തരവ് വിവാദത്തിൽ
Wednesday, August 7, 2024 2:52 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സ്റ്റേറ്റ് ഇൻസിഡന്റ് ഡെപ്യൂട്ടി കമാൻഡറായി ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണറെ നിയമിച്ച ഉത്തരവ് ദുരന്തനിവാരണച്ചട്ടത്തിന്റെ ലംഘനമെന്ന് ആരോപണം.
ദുരന്ത നിവാരണച്ചട്ടങ്ങൾ വ്യക്തമാക്കുന്ന ഓറഞ്ച് ബുക്കിലോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിലോ (എസ്ഒപി) ജിഎസ്ടി കമ്മീഷണറെ ഇൻസിഡന്റ് കമാൻഡറായി നിയമിക്കാൻ നിർദേശിക്കുന്നില്ല. ഇതിനു വിരുദ്ധമായാണു നടപടിയെന്നാണ് ആരോപണം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സാന്പത്തിക ഘടകം ഒഴികെ ജിഎസ്ടി കമ്മീഷണർക്കു കാര്യമായ റോളില്ല.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മറ്റു സെക്രട്ടറിമാർ അടങ്ങുന്ന സമിതി ജിഎസ്ടി കമ്മീഷണർക്കു വേണ്ട പിന്തുണയും സഹായങ്ങളും നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
നേരത്തേ, വയനാട് ദുരന്തമുഖത്തുനിന്നു ശാസ്ത്രഞജ്ഞരെ ഒഴിവാക്കിക്കൊണ്ട് ടിങ്കു ബിസ്വാൾ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ഇടപെട്ടു മരവിപ്പിച്ചിരുന്നു.
വയനാട് ദുരന്തത്തിന്റെ മേൽനോട്ട ചുമതല മന്ത്രിസഭാ ഉപസമിതിക്കാണ്. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവരാണു മന്ത്രിസഭാ ഉപസമിതിയിൽ ഉൾപ്പെട്ടവർ.