ഖാദർ കമ്മിറ്റി റിപ്പോർട്ട്: പല നിർദേശങ്ങളും വിവാദത്തിൽ
Wednesday, August 7, 2024 2:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഡോ. എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച രണ്ടാം ഭാഗ റിപ്പോർട്ടിലെ പല നിർദേശങ്ങളും വിവാദമാകുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണു ഖാദർ കമ്മിറ്റി. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്കു വിടണമെന്ന നിർദേശത്തിനെതിരേ വ്യാപകമായ പ്രതിതിഷേധം ഉയർന്നുകഴിഞ്ഞു.
കൂടാതെ, സ്കൂളുകളുടെ സമയമാറ്റവും നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല കാര്യങ്ങളും അപ്രായോഗികമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിതന്നെ ഇന്നലെ വ്യക്തമാക്കി.
ഏറ്റവും വിവാദമാകാൻ സാധ്യതയുള്ള എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം സംബന്ധിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. നിയമനത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അധ്യാപക നിയമനം പിഎസ്സിക്ക് വിടുന്ന കാര്യം ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.
ഖാദർ കമ്മിറ്റി മുന്നോട്ടുവച്ച സ്കൂൾ സമയമാറ്റം സംസ്ഥാനത്തു പ്രായോഗികമല്ലെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസ് വരെയാക്കി ഹൈസ്കൂളും ഹയർസെക്കൻഡറിയും ഏകീകരിക്കണമെന്നും ഇതു കുട്ടികൾക്ക് ആഴത്തിനുള്ള പഠനത്തിനു സൗകര്യം ഉറപ്പാക്കുമെന്നുമാണു ഖാദർ കമ്മിറ്റിയുടെ മറ്റൊരു നിർദേശം. അധ്യാപക സംഘടനകൾക്ക് അംഗീകാരം നല്കാനായി റഫറണ്ടം നടത്തണമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.
റിപ്പോർട്ടിലെ നിർദേശങ്ങൾ ഓരോന്നും പരിശോധിച്ച് തീരുമാനമെടുക്കണമെന്ന വ്യവസ്ഥയിലാണു മന്ത്രിസഭ തത്ത്വത്തിൽ അനുമതി നൽകിയത്. ഒന്നര വർഷം മുന്പ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.