കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത്
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനാണ്. നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്റ്റേഷനുകളുടെയും പേരു മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതായി റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിനു ലഭിച്ചു. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ സജീവമാകും.
ഏറെനാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തെത്തുടർന്നാണ് അംഗീകരിച്ചത്. ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ഉന്നതർക്കും കത്തെഴുതിയിരുന്നതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് ഒന്പതു കിലോമീറ്റർ വീതം അകലെയാണു നേമം, കൊച്ചുവേളി സ്റ്റേഷനുകൾ. സെൻട്രലിൽനിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ 15 ട്രെയിനുകൾ നിലവിൽ കൊച്ചുവേളിയിൽനിന്നാണു സർവീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാർ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുവെന്നാണു കണക്ക്.
കൊച്ചുവേളിയിൽനിന്നു സർവീസ് നടത്തുന്നതിൽ ഭൂരിപക്ഷവും ദീർഘദൂര ട്രെയിനുകളാണ്. എന്നാൽ, കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ല. അതിനാൽ, തിരുവനന്തപുരം സെൻട്രലിലേക്കു റിസർവേഷൻ ലഭിക്കാത്തവർ യാത്ര വേണ്ടെന്നു വയ്ക്കുന്ന സാഹചര്യമായിരുന്നു.
പേരുമാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിക്കാൻ വഴിയൊരുങ്ങും. നിലവിൽ ആറ് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. കോച്ച് കെയർ സെന്ററും മറ്റും ഒരുങ്ങുന്നുണ്ട്. നേമം ടെർമിനൽ വികസനത്തിനും പേരുമാറ്റം വലിയ സഹായമാകും.