മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ജീവനക്കാരുടെ അഞ്ചു ദിവസത്തെ വേതനത്തിലൂടെ ലക്ഷ്യം 400 കോടി
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുരനരധിവാസത്തിനായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശന്പളം പിടിക്കും. സിപിഎം അനുകൂല സർവീസ് സംഘടനാ പ്രതിനിധികളോട് 10 ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നാണ് അഭ്യർഥിച്ചിട്ടുള്ളത്.
അഞ്ചുദിവസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയാൽ 400 കോടിയാകും. അഞ്ചു ദിവസത്തിൽ കൂടുതൽ ശന്പളം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഇതു നൽകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പെൻഷൻകാരിൽ തുക നൽകാൻ തയാറുള്ളവരിൽനിന്ന് തുക സ്വീകരിക്കും. ഇതിനു നിബന്ധന വയ്ക്കില്ലെന്നാണു വിവരം. സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശന്പളം നൽകി പങ്കാളികളാകാം. സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണു സമ്മതപത്രം നൽകേണ്ടത്.
തിങ്കളാഴ്ച സർവീസ് സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഒറ്റയ്ക്കൊറ്റയ്ക്കു ചർച്ച നടത്തിയിരുന്നു. 10 ദിവസത്തെയെങ്കിലും ശന്പളമാണ് അഭ്യർഥിച്ചത്. പ്രതിപക്ഷ സംഘടനകൾ എതിർത്തു.
തുടർന്ന് ഏകോപനമുണ്ടാക്കാൻ എൻജിഒ യൂണിയൻ സംസ്ഥാന നേതാവിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് അഞ്ചു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ ധാരണയായത്.