ഉരുൾപൊട്ടൽ മേഖലയിലെ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കാൻ പ്രത്യേക സമിതികൾ
Wednesday, August 7, 2024 2:23 AM IST
ബിനു ജോർജ്
കോഴിക്കോട്: ഉരുൾപൊട്ടലിനെത്തുടർന്നു കനത്ത നാശനഷ്ടമുണ്ടാവുകയും നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വീടുകൾ തുടർ താമസ യോഗ്യമാണോ എന്നു പരിശോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 10 അസസ്മെന്റ് സമിതികളെ നിയോഗിച്ചു.
സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും, ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ തുടർതാമസം അനുവദിക്കണോയെന്നു സർക്കാർ തീരുമാനമെടുക്കുക.
ദുരന്തഭൂമിയിലെ വീട് അടക്കമുള്ള മുഴുവൻ കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധന (റാപിഡ് വിഷ്വൽ സ്ക്രീനിംഗ്) നടത്താനാണു സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഇന്നുതന്നെ പരിശോധന ആരംഭിച്ച് 12നു മുന്പായി റിപ്പോർട്ട് സമർപ്പിക്കാനാണു സർക്കാർ നിർദേശം.
മലവെള്ളത്തോടൊപ്പം കൂറ്റൻ പാറക്കല്ലുകളും വൻ മരങ്ങളും വന്നിടിച്ചു കെട്ടിടങ്ങൾക്കു സംഭവിച്ചിട്ടുള്ള ബലക്ഷയം സൂക്ഷ്മമായി പരിശോധിക്കാനാണ് അസസ്മെന്റ് സമിതിക്കു നിർദേശം നൽകിയിരിക്കുന്നത്.
ദുരന്ത മേഖലയിലെ കെട്ടിടങ്ങൾ മനുഷ്യവാസത്തിനും മറ്റു കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയുമോയെന്നു പരിശോധിക്കാൻ പ്രത്യേക ചോദ്യാവലിയും മാതൃകയും തയാറാക്കിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശവുമായി നല്ല പരിചയമുള്ള ഒരു പഞ്ചായത്ത് അംഗം, ജിയോളജിസ്റ്റ്, തദേശ സ്വയംഭരണ വകുപ്പിലെ ഒരു എൻജിനിയർ, ഹെൽത്ത് ഇൻസ്പെക്ടർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയതാണു സമിതി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ എൻജിനിയറിംഗ് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ സമിതിയുടെ റിപ്പോർട്ട് ക്രോഡീകരിച്ച ശേഷം ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കു കൈമാറും. സമിതി റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികളുടെ അന്തിമ രൂപകല്പന.
ചോദ്യാവലി
ഉരുൾപൊട്ടൽ വീടിനെ നേരിട്ടു ബാധിച്ചിട്ടുണ്ടോ, വീടിനു പ്രത്യക്ഷത്തിൽ കേടുപാടുകളുണ്ടോ, മേൽക്കൂര, ബീം, ചുവരുകൾ എന്നിവയിൽ വിള്ളലുകളുണ്ടോ, വീടിന് അടിത്തറയിൽനിന്നു സ്ഥാനഭ്രംശമോ ചെരിവോ ഉണ്ടായിട്ടുണ്ടോ, കെട്ടിടത്തിന് അപകടകരമായ രീതിയിൽ മണ്കൂന രൂപപ്പെട്ടിട്ടുണ്ടോ, കുത്തനെ ചെരിവുള്ള സ്ഥലത്താണോ കെട്ടിടം സ്ഥിതി ചെയ്യുന്നത്, കെട്ടിടത്തിന്റെ പകുതിയിലധികം ഭാഗികമായി അവശിഷ്ടങ്ങളിൽ മുങ്ങിയിട്ടുണ്ടോ, കെട്ടിടത്തിൽ ക്ഷുദ്ര ജീവികളുടെ സാന്നിധ്യമുണ്ടോ, മറ്റു ഭാഗങ്ങളിൽ നിന്നു കെട്ടിടത്തിലേക്കു ജലപ്രവാഹമുണ്ടോ, കിണർ വെള്ളം മലിനമാണോ, സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിനു സാധ്യതയുള്ള സ്ഥലമാണോ തുടങ്ങിയ കാര്യങ്ങളാണു സമിതി പരിശോധിക്കേണ്ടത്.