വയനാട്ടിലെ ദുരന്ത മേഖലയിൽ ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപയോക്താക്കളിൽനിന്ന് ആറു മാസത്തേക്കു വൈദ്യുതി ചാർജ് ഈടാക്കില്ല.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെകെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പന്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപയോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി.
ഈ ഉപയോക്താക്കൾക്കു നിലവിൽ വൈദ്യുതി ചാർജ് കുടിശികയുണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശിച്ചു. ദുരന്ത മേഖലയിൽ 1139 ഉപയോക്താക്കളാണുള്ളത്. ഇതിൽ 385 വീടുകൾ പൂർണമായി തകർന്നു പോയതായി കെഎസ്ഇബി കണ്ടെത്തി.