ഉരുൾപൊട്ടൽ: 310 ഹെക്ടർ കൃഷി നശിച്ചതായി പ്രാഥമിക കണക്ക്
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക കണക്ക്. ദുരന്ത പ്രദേശമായി മാറിയ മൂന്നു വാർഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് മേപ്പാടി പഞ്ചായത്ത് നൽകിയ വിവരം.
ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടറിലെ ഏലം, 100 ഹെക്ടറിൽ കാപ്പി, 70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടർ തേയില, 10 ഹെക്ടർ നാളികേരം, 15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണു നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ.
കാർഷികോപകരണങ്ങളായ 80 കാടുവെട്ട് യന്ത്രങ്ങൾ, 150 സ്പ്രേയർ, 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പന്പ് സെറ്റുകൾ എന്നിവയുടെ നഷ്ടവും വലുതാണ്. വീട്ടുവളപ്പിലെ കൃഷിയും ദുരന്തപ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് അറിയിച്ചു.
കൃഷി നഷ്ടപ്പെട്ട കർഷകർക്കു കൃഷിനാശത്തിന്റെയും ആസ്തി നശിച്ചതിന്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.