കൃഷ്ണനും കുടുംബവും അട്ടമലയില്‍ സുരക്ഷിതര്‍
Wednesday, August 7, 2024 2:23 AM IST
കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടിയ രാത്രി കാട്ടില്‍ അകപ്പെട്ട ഏറാട്ടുകുണ്ടിലെ കൃഷ്ണനും കുടുംബവും ഇപ്പോള്‍ അട്ടമലയിലെ പ്രീഫാബ് ക്യാമ്പില്‍ സുരക്ഷിതർ. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് ഈ ആദിവാസി കുടുംബത്തെ വനപാലകര്‍ കണ്ടെത്തിയത്.
കാട്ടില്‍ പരിശോധനയ്ക്കിടെ കൃഷ്ണന്റെ ഭാര്യ ശാന്തയും നാലു വയസുള്ള കുട്ടിയുമാണ് ആദ്യം വനപാലകര്‍ക്ക് മുന്നിലെത്തിയത്. ഇവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് രണ്ട് കിലോമീറ്ററോളം അകലെ പാറയുടെ പൊത്തില്‍നിന്നാണ് കൃഷ്ണനെയും മക്കളില്‍ രണ്ടുപേരെയും കണ്ടെത്തിയത്.
വസ്ത്രമില്ലാതെയും ഭക്ഷണം ലഭിക്കാതെയും അവശരായിരുന്നു കുടുംബം.
കുട്ടികളെ കിടക്കവിരി മുറിച്ച് നെഞ്ചോടു ചേര്‍ത്തുകെട്ടി പാറയിടുക്കുകള്‍ താണ്ടിയാണ് വനപാലകര്‍ അട്ടമലയില്‍ എത്തിച്ചത്.
ഫോറസ്റ്റ് ഓഫീസര്‍ വി.എസ്. ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. അനില്‍കുമാർ, ജി. ശിശിര, അനൂപ് തോമസ് എന്നിവരാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്. കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വനം ഉദ്യോഗസ്ഥർ.