ഡിഎൻഎ പരിശോധന സ്വകാര്യ ലാബുകളിൽ ചെയ്യാനാകുമോയെന്നു പരിശോധിക്കും: മുഖ്യമന്ത്രി
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തി ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ക്രിമിനൽ നിയമസംഹിതയുടെ വെളിച്ചത്തിൽ, ഡിഎൻഎ ടെസ്റ്റ് സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോയെന്നു പരിശോധിക്കും.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ നേരിട്ടു ബാധിച്ച 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പു പദ്ധതിയിലൂടെ 180 തൊഴിൽദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ രണ്ടു മുതൽ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ മാറ്റിവച്ചു. അവ പിന്നീടു നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവയ്ക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സ്കൂളുകൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കും.
പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂൾ ബാഗും നഷ്ടപ്പെട്ട കുട്ടികൾക്ക് എല്ലാം ഉൾപ്പെടുന്ന സ്കൂൾ കിറ്റ് നൽകും. ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്കുവേണ്ടി ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ് രൂപപ്പെടുന്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുനർനിർമിക്കണമെന്നാണ് ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ 30 മുതൽ ഇന്നലെ വൈകുന്നേരം അഞ്ചു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് 53,98,52,942 രൂപ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.