ദുര്‍ഘടമേഖലകളില്‍ ദൗത്യസംഘത്തെ ഹെലികോപ്റ്ററിലെത്തിച്ചു തെരച്ചിൽ
Wednesday, August 7, 2024 2:23 AM IST
എടക്കര: വയനാട്ടിലെ ദുരന്തമേഖലയില്‍നിന്നു ചാലിയാര്‍ തീരത്തെ ദുര്‍ഘടമേഖലയായ സണ്‍റൈസ് വാലിയിലേക്ക് ദൗത്യസംഘത്തെ ഹെലികോപ്റ്ററിലെത്തിച്ച് തെരച്ചില്‍.
ആറ് കരസേനാംഗങ്ങളും കേരള പോലീസ് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പിലെ നാലു പേരും രണ്ടു വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണു രണ്ടു തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്കറ്റിന്റെയും സഹായത്തോടെ ഈ മേഖലയില്‍ ഇറങ്ങാന്‍ സഹായിച്ചത്.
ഒരു പ്രദേശത്ത് തെരച്ചില്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. സണ്‍റൈസ് വാലി മുതല്‍ അരുണപ്പുഴ ചാലിയാറില്‍ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചില്‍.
കല്‍പ്പറ്റ എസ്ജെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്.
ലാന്‍ഡിംഗ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ആളുകളെ ഇറക്കുന്നതിനും എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണു വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്.