ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജിയില്‍ വനിതാ കമ്മീഷന് കക്ഷി ചേരും
Wednesday, August 7, 2024 2:23 AM IST
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സംസ്ഥാന വനിതാ കമ്മീഷന് കക്ഷിചേരും.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ കമ്മീഷന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ ഇന്നും വാദം തുടരുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള സ്റ്റേയും ജസ്റ്റീസ് വി.ജി. അരുണ്‍ നീട്ടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തേടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലേയെന്നു വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. വിവരങ്ങള്‍ പുറത്തുവന്നാല്‍ കക്ഷികളുടെ സുരക്ഷയ്ക്കു വരെ ഭീഷണിയെന്ന് ഹര്‍ജിക്കാരനായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന് വാദമുന്നയിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. വിവരാവകാശ നിയമത്തില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്ക് സംരക്ഷണമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന വാദം.
ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നവര്‍ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞതാണ്. വിഴുപ്പലക്കല്‍ മാത്രമാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചവരുടെ ഉദ്ദേശ്യം. ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരു പൊതു താത്പര്യവുമില്ല.
2020 ഒക്ടോബറില്‍ വിവരാവകാശ കമ്മീഷന് തന്നെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയതാണ്. സ്വകാര്യതയെ ബാധിക്കുന്നവ ഒഴിവാക്കാമെന്ന് വിവരാവകാശ നിയമത്തിലുണ്ട്. ആരോപണവിധേയരുടെ ഭാഗം കമ്മീഷനോ മാറ്റാരുമോ കേട്ടിട്ടില്ലെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.