മണ്ണിന്റെ വിരിമാറിൽ ഒന്നിച്ചു മടക്കം
Tuesday, August 6, 2024 2:29 AM IST
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാൻ കഴിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും സംസ്കരിച്ചു.
മേപ്പാടി പുത്തുമലയിൽ 2019ൽ ഉരുൾവെള്ളം നാശംവിതച്ച പ്രദേശത്തിനു സമീപം ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കൈവശത്തിലുള്ള ഭൂമിയിലെ 20 സെന്റിൽ തയാറാക്കിയ കുഴിമാടങ്ങളിലായിരുന്നു സംസ്കാരം.
വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിൽ ഫ്രീസറുകളിൽ സൂക്ഷിച്ച മൃതദേഹങ്ങൾ സംസ്കാരത്തിന് ഘട്ടങ്ങളായാണ് ആംബുലൻസുകളിൽ പുത്തുമലയിൽ എത്തിച്ചത്. തിരിച്ചറിയാത്ത എട്ടുപേരുടേതടക്കം ഒന്‍പതു മൃതദേഹങ്ങൾ ഞായറാഴ്ച രാത്രി പുത്തുമലയിൽ സംസ്കരിച്ചിരുന്നു.
ആരെന്ന് ആരെയും അറിയിക്കാതെയുള്ള കുറെ മനുഷ്യരുടെ അന്ത്യയാത്ര സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിച്ചവരുടെ കണ്ണുനിറച്ചു. മണിക്കൂറുകൾ നീണ്ട ഒരുക്കത്തിനൊടുവിൽ വൈകുന്നേരം നാലോടെയായിരുന്നു സംസ്കാരച്ചടങ്ങിനു തുടക്കം. രാത്രി വൈകിയായിരുന്നു സമാപനം.
ഇന്നലെ ആദ്യഘട്ടത്തിൽ 16 മൃതദേഹങ്ങളാണ് പുത്തുമലയിലെ മണ്ണ് ഏറ്റുവാങ്ങിയത്. പുത്തുമലയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ വെള്ളപുതപ്പിച്ചുകിടത്തിയ മൃതദേഹങ്ങളും ഭാഗങ്ങളും ക്രൈസ്തവ, ഹിന്ദു, ഇസ്ലാം മതാചാരപ്രകാരമുള്ള പ്രാർഥനകൾക്കും സർക്കാർ പ്രതിനിധികളുടെ ആദരവിനും ശേഷമാണ് മറവുചെയ്യുന്നതിനു കുഴിമാടങ്ങളിലേക്ക് എടുത്തത്.
200 കുഴിമാടങ്ങളാണ് പുത്തുമലയിൽ തയാറാക്കിയത്. സന്നദ്ധപ്രവർത്തകർ പുത്തുമലയിലും കർമനിരതരായി.
സംസ്കാരം നടന്ന ഓരോ കുഴിമാടത്തിനും സമീപം ക്രമ നന്പറും ഡിഎൻഎ നന്പറും എഴുതിയ കല്ല് സ്ഥാപിക്കുന്നുണ്ട്. ഈ നന്പറുകൾ ഭാവിയിൽ ഇവരെ തിരിച്ചറിയാൻ സഹായകമാകും.