വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച്
Tuesday, August 6, 2024 2:29 AM IST
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
റീബിൽഡ് വയനാടിനായി സർക്കാർ ജീവനക്കാർ ശന്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലെ പുനരധിവാസത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു മുഖ്യമന്ത്രി സർവീസ് സംഘടനകളെ അറിയിച്ചു.
ഓരോ ജീവനക്കാരും തങ്ങളുടെ 10 ദിവസത്തെ ശന്പളം നല്കണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. എന്നാൽ അഞ്ചു ദിവസത്തെ ശന്പളം നൽകാമെന്നു സർവീസ് സംഘടനകൾക്കിടയിൽ ധാരണയായിട്ടുണ്ട്.
സ്വമേധയാ ജീവനക്കാർ നല്കുന്ന സാലറി ചലഞ്ചിൽ ശന്പളവിഹിതം നിർബന്ധമാക്കി ഉത്തരവിറക്കരുതെന്ന അഭിപ്രായവും ഉയർന്നു. താത്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തിൽ നിർദേശമുയർന്നു. സാലറി ചലഞ്ച് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തുടർന്ന് ഉത്തരവ് ഇറക്കും.