പാറഖനനം പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമല്ലെന്നു ഡോ. കെ.പി. ത്രിവിക്രമജി
Tuesday, August 6, 2024 2:02 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: പാറക്വാറികള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമാകുന്നില്ലെന്നു സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. കെ.പി. ത്രിവിക്രമജി.
പാറപൊട്ടിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നത് കട്ടിയേറിയ പാറയിലാണ്. നമ്മുടെ അറിവില്ലായ്മകൊണ്ടാണ് പാറപൊട്ടിക്കുന്നതുകൊണ്ടാണ് ഇവിടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്നത് എന്നു പറയുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍വകലാശാല ഭൗമശാസ്ത്ര പഠന കേന്ദ്രം റിട്ടയേര്‍ഡ് പ്രഫസറായ ഡോ. ത്രിവിക്രമജി ദീപികയോടു സംസാരിച്ചത്.
ഒരു പരിധിയിലധികം വെള്ളം ഭൂമിയില്‍ നിറഞ്ഞു കഴിഞ്ഞാല്‍ അത് പെട്ടെന്നു പുറത്തേക്കു വരും. വയനാടിന്റെ കാര്യമെടുത്താല്‍ 10 ദിവസം പെയ്യേണ്ട മഴയാണ് 48 മണിക്കൂറിനിടെ പെയ്തത്. ഇതാണ് ദുരന്തത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്നതാണ്.
വര്‍ഷങ്ങള്‍ കഴിയും തോറും മഴയുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്. മഴയെയും പ്രകൃതി പ്രതിഭാസങ്ങളെയും നമുക്ക് നിയന്ത്രിക്കാനോ തടയാനോ സാധിക്കില്ല. എന്നാല്‍ മുന്‍കരുതല്‍ എടുക്കാം. കൂടുതല്‍ മഴ പെയ്യുന്ന ചരിവുള്ള സ്ഥലങ്ങള്‍ വാസയോഗ്യമല്ല. ഇതു നാം മനസിലാക്കണം. 20-22 ഡിഗ്രിയില്‍ അധികം ചരിവുള്ള സ്ഥലങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത് ഒഴിവാക്കണം.
ലോകമെമ്പാടും വിവിധ ആവശ്യങ്ങള്‍ക്കായി പാറ പൊട്ടിക്കുന്നുണ്ട്. എന്നാല്‍ പാറപൊട്ടിച്ച സ്ഥലത്ത് ഉരുള്‍പൊട്ടലോ മറ്റു പ്രകൃതിക്ഷോഭങ്ങളോ ഇതുവരെ ഉണ്ടായതായി കേട്ടിട്ടില്ല. പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം ആ പാറയില്‍തന്നെ അവസാനിക്കുന്നു എന്നതാണ് ഇതിനു കാരണം. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോഴും പാറപൊട്ടിത്തെറിച്ച് വരുന്നതായി കണ്ടിട്ടില്ല.
എന്നാല്‍ നമ്മുടെ നാട്ടില്‍ പാറക്വാറികള്‍ മികച്ച രീതിയില്‍ സംരക്ഷിക്കേണ്ടതുണ്ടെന്നു തോന്നയിട്ടുണ്ട്. പാറമടകളില്‍ വീണു നിരവധി പേര് മരിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.
പാറഖനനം നമുക്ക് ഒരിക്കലും ഒഴിവാക്കാനും സാധിക്കില്ല. കാരണം റോഡ്, റെയില്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എല്ലാറ്റിനം നമുക്ക് ഒഴിവാക്കാനാകാത്ത അസംസ്കൃത വസ്തുവാണ് പാറയെന്നും അദ്ദേഹം പറഞ്ഞു.