ക്ഷീരകർഷകർക്ക് പലിശരഹിത വായ്പാപദ്ധതി: മന്ത്രി ചിഞ്ചുറാണി
Tuesday, August 6, 2024 2:02 AM IST
പോത്താനിക്കാട്(മൂവാറ്റുപുഴ): ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ നൽകുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചുവരുന്നുണ്ടെന്നും പലിശ സർക്കാർ നേരിട്ടടയ്ക്കുന്ന തരത്തിലാണ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സഹായത്തോടെ സമഗ്ര ഇൻഷ്വറൻസ് പദ്ധതി ഉടൻ കേരളത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമ മുഴ രോഗ പ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം പോത്താനിക്കാട്ട് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വയനാട്ടിലെ ദുരന്തമേഖലയിലെ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകരുടെ എണ്ണം, പശുക്കളുടെ എണ്ണം, തകർന്നുപോയ തൊഴുത്തുകളുടെ എണ്ണം എന്നിവ ശേഖരിച്ചുവരികയാണ്. കേരള ഫീഡ്സ് 580 ചാക്ക് കാലിത്തീറ്റയും കെഎൽഡി ബോർഡ് അഞ്ചു ടണ് തീറ്റയും എത്തിച്ചിട്ടുണ്ട്.
അയൽ ജില്ലകളിൽനിന്നും തീറ്റകൾ സർക്കാർ ചെലവിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് കർണാടക സർക്കാർ ചോളത്തണ്ട് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്കുള്ള തീറ്റ ഏർപ്പാടാക്കിയിട്ടുണ്ട്.
ചികിത്സയ്ക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷനുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ പത്തംഗ ടീം ദുരന്തമേഖലയിൽ ചികിത്സ നൽകുന്നുണ്ട്. പശുക്കളെ നഷ്ടപ്പെട്ടവർക്ക് ദേശീയ ദുരന്തനിവാരണ അഥോറിറ്റി അനുവദിച്ച തുക വന്നാലുടൻ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പോത്താനിക്കാട് മൃഗാശുപത്രി മന്ദിരവും മന്ത്രി ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അധ്യക്ഷത വഹിച്ചു.