മോട്ടോർവാഹന വകുപ്പ് പിഴയിൽ രണ്ടു നീതി ; സ്വകാര്യവാഹനങ്ങളെ പിഴിയും, ട്രാൻസ്പോർട്ട് വാഹനങ്ങളെ പിഴിയില്ല
Tuesday, August 6, 2024 2:02 AM IST
റെനീഷ് മാത്യു
കണ്ണൂർ: 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ കേരള ഫൈനും കേന്ദ്ര ഫൈനും അടയ്ക്കണമെന്ന നിയമത്തിൽ സ്വകാര്യവാഹന ഉടമകളെ മോട്ടോർവാഹനവകുപ്പ് നിയമവിരുദ്ധമായി പിഴിയുന്നതായി ആക്ഷേപം.
15 വർഷം പൂർത്തിയായാൽ സ്വകാര്യ വാഹനങ്ങൾ ടെസ്റ്റിന് വരുമ്പോൾ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞാൽ ഫൈൻ അടയ്ക്കണം. കേരള മോട്ടോർ വാഹന ചട്ടം അനുസരിച്ച് മൂന്നുമാസം വരെ കാലതാമസം വന്നാൽ 100, ആറുമാസംവരെ 200, ആറുമാസം കഴിഞ്ഞാൽ 300 ഇങ്ങനെയായിരുന്നു പിഴ.
2022 ഏപ്രിൽ ഒന്നുമുതൽ കേന്ദ്ര മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്ത് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഓരോ മാസവും 300 രൂപയും സ്വകാര്യ വാഹനങ്ങൾക്ക് 500 രൂപയുമായി പിഴ കേന്ദ്രം വർധിപ്പിച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
തുടർന്ന്, സുപ്രീംകോടതിയുടെ തീർപ്പിനു വിധേയമായി പിഴ അടച്ചുകൊള്ളാം എന്നൊരു സമ്മതപത്രം ഉടമയിൽനിന്നു വാങ്ങിയിട്ട് വാഹനം രജിസ്റ്റർ ചെയ്തു കൊടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.
പിഴ ഇപ്പോഴും സ്റ്റേ ചെയ്തിട്ടാണെങ്കിലും കാലാവധി കഴിഞ്ഞ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ കേരള ഫൈൻ അടയ്ക്കണം കൂടാതെ, കേന്ദ്ര ഫൈൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുകൊള്ളാം എന്ന പ്രസ്താവന കൊടുക്കണം. ഒപ്പം ഈ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ആക്കുകയും ചെയ്യും. വാഹനം വിൽക്കണമെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽനിന്നു മാറ്റണം. അതിനു കേന്ദ്രഫൈൻ അടയ്ക്കണമെന്നാണു കേരളം പറയുന്നത്.
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ഏതൊരു സ്വകാര്യ വാഹനവും ടെസ്റ്റ് ചെയ്യണമെങ്കിൽ രജിസ്ട്രേഷനു കാലാവധി ഇല്ലാതെ വാഹനം ഉപയോഗിച്ചതിനുള്ള പിഴ 3,000 രൂപ അടയ്ക്കണം. ഒപ്പം കേരള ഫൈനും കൂടാതെ കേന്ദ്ര ഫൈൻ അടയ്ക്കാമെന്ന സമ്മതപത്രവും നൽകുകയും വേണം.
എന്നാൽ ട്രാൻസ്പോർട് വാഹനം, ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് വാഹനം, ബസ് ഇതൊക്കെയാണ് ടെസ്റ്റിനു വരുന്നതെങ്കിൽ ഇത്തരത്തിലുള്ള പിഴയില്ല. ട്രാൻസ്പോർട്ട് വാഹനങ്ങൾക്കു കോടതിവിധി അനുസരിച്ചു കേന്ദ്ര ഫൈൻ അടയ്ക്കുമെന്ന സമ്മതപത്രം വേണ്ട. ബ്ലാക്ക് ലിസ്റ്റ് ചെയ്യേണ്ട. ഓട്ടോറിക്ഷ ഒഴികെ എല്ലാ ട്രാസ്പോർട്ട് വാഹനങ്ങളിലും നിലവിൽ ജിപിഎസ് സംവിധാനമുണ്ട്.
കാലാവധി കഴിഞ്ഞ് ടെസ്റ്റിന് വരുന്ന ട്രാസ്പോർട്ട് വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ചാൽ ടെസ്റ്റ് ഇല്ലാതെ വാഹനം ഓടിയോ എന്ന് അറിയാം. തെളിവോടുകൂടി പിഴ അടിപ്പാക്കാമെങ്കിലും മോട്ടോർവാഹന വകുപ്പ് ഇതിനു തയാറാകുന്നില്ല.