വയനാട് ദുഃഖത്തിനിടയിലും ‘കാപ്പ’കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം
Tuesday, August 6, 2024 2:02 AM IST
പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാടെങ്ങും ദുഃഖത്തിലായിരിക്കുന്പോഴും കാപ്പ ചുമത്തപ്പെട്ട പ്രവർത്തകന്റെ പിറന്നാൾ നടുറോഡിൽ ആഘോഷിച്ച് സിപിഎം പ്രാദേശിക നേതൃത്വം.
‘കാപ്പ’ എന്ന് എഴുതിയ കേക്ക് മുറിച്ച് നടുറോഡിൽ ആഘോഷം നടന്നപ്പോൾ അന്‍പതിലധികം പ്രവർത്തകർ ഒത്തുകൂടി. അനവസരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോകള്‍ എടുത്തു റീലാക്കി പ്രചരിപ്പിക്കുകകൂടി ചെയ്തതോടെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തു വന്നു. ശനിയാഴ്ച രാത്രി മലയാലപ്പുഴയിലെ നടുറോഡിലായിരുന്നു പിറന്നാൾ ആഘോഷം.
മൂന്നാഴ്ച മുന്‍പ് മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തിൽ ബിജെപിയില്‍നിന്ന് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച 62 പേരിൽ പ്രധാനിയായ കാപ്പ കേസ് പ്രതി ഇഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രന്റെ പിറന്നാള്‍ ആഘോഷമാണ് പാർട്ടി പ്രവർത്തകർ വെറൈറ്റി ആക്കിയിരിക്കുന്നത്.
ഈ നാട് തോല്‍ക്കില്ല ഡിവൈഎഫ്ഐ എന്ന അടിക്കുറിപ്പോടെയാണ് കാപ്പ കേക്കിന്റെ പടം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ വെല്ലുവിളികൾക്കും കുറവില്ല. നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കേക്കുകള്‍ നിരത്തി വച്ചായിരുന്നു ആഘോഷം. വിവിധ തരത്തിലുള്ള അഞ്ചു കേക്കുകളാണ് ബോണറ്റില്‍ നിരന്നത്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്.
കാപ്പ കേസ് പ്രതിയെ പാർട്ടിയിൽ മാലയിട്ടു സ്വീകരിച്ചതിന്റെ പേരിൽ നിയമസഭയിലടക്കം വിമർശനങ്ങൾ ഉയർന്നപ്പോൾ ബിജെപിയിലായിരുന്നപ്പോഴത്തെ കേസുകളാണ് ശരണിന്റേതെന്ന ന്യായീകരണമാണ് മന്ത്രി അടക്കം ഉയർത്തിയത്. അന്ന് പാർട്ടി അംഗത്വം സ്വീകരിച്ചവരിൽ പ്രധാനികളായവരുടെ മറ്റു കേസു വിവരങ്ങളും ഒന്നൊന്നായി പുറത്തുവന്നിരുന്നു.
ശരണിന്റെ പേരിൽ കാപ്പ കേസ് ഇല്ലെന്നു വാദിച്ചു നോക്കിയെങ്കിലും ജില്ലാ പോലീസ് മേധാവി അതു നിഷേധിച്ചതോടെ നേതൃത്വം വെട്ടിലായി. തൊട്ടു പിന്നാലെ ഈ സംഘത്തിലെ തന്നെ യദുവെന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടിയായി.
ഈ സംഘത്തെ പാർട്ടിയിലെടുത്തതിൽ നേതാക്കളടക്കം ഒരു വിഭാഗം സിപിഎമ്മുകാർ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ അവരെ വെല്ലുവിളിച്ചാണ് യുവസംഘം വെറൈറ്റി ആഘോഷം നടത്തി പോസ്റ്റിട്ടതെന്ന് പറയുന്നു.