കാനഡയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
Tuesday, August 6, 2024 2:02 AM IST
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍നിന്ന് 5,51,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം ശാസ്തമംഗലത്ത് എക്സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തുന്ന എം.എസ്. സന്തോഷി (40) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതിയും ഇയാളുടെ ഭാര്യയുമായ പ്രിയ സന്തോഷ് (40), കൊല്ലം പരവൂര്‍ സ്വദേശി ഹരികൃഷ്ണന് (40) എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എക്സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തുന്ന പ്രതി എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന പരാതിക്കാരിക്ക് കാനഡയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ബാങ്ക് അക്കൗണ്ട് വഴി പണം തട്ടുകയായിരുന്നു.
ഹൈക്കമ്മീഷന് ഓഫ് കാനഡയുടെയും മറ്റും കണ്ഫര്മേഷന് ലെറ്ററുകള്‍ വ്യാജമായി നിര്‍മിച്ചും വ്യാജ മെയിലുകള്‍ വഴി അയച്ചും കേസിലെ രണ്ടാം പ്രതി ഒപ്പിട്ടു നല്കിയ വ്യാജ ചെക്ക് നല്‍കിയും തട്ടിപ്പ് നടത്തുകയായിരുന്നു.