കരുതൽ തേടി പൈതൃകയാനം
Tuesday, August 6, 2024 2:02 AM IST
വി.ആർ. ശ്രീജിത്ത്
കൊച്ചി: കേരളത്തിൽ ആദ്യമായി മോട്ടോര്‍ ഘടിപ്പിച്ചു നീറ്റിലിറക്കിയ ബോട്ട് ഏതായിരുന്നു? കൗതുകമുണർത്തുന്ന ആ ചോദ്യത്തിനുള്ള ഉത്തരമാണ് ‘വാസ്കോ’. കൊച്ചി തുറമുഖ ശില്പിയായ സര് റോബര്‍ട്ട് ബ്രിസ്റ്റോ കായലിലൂടെയുള്ള ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചിരുന്ന കൊച്ചുബോട്ട്.
വാസ്കോയില്‍ സഞ്ചരിച്ചാണ് റോബര്‍ട്ട് ബ്രിസ്റ്റോ കൊച്ചി തുറമുഖം രൂപകല്പന ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിയിരുന്നതെന്നതിനു രേഖകളുണ്ട്. 1928ല്‍ തുറമുഖ നിര്‍മാണം പൂര്‍ത്തിയായശേഷം കൊച്ചിന് പോര്‍ട്ടിന്റെ ഉടമസ്ഥതയിലായിരുന്നു യാനം.
ജീവനക്കാരെ കൂടാതെ അഞ്ചുപേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന യാനം പിന്നീട് കൊച്ചിന് പോര്‍ട്ട് മെക്കാനിക്കല്‍ സൂപ്രണ്ടിന്റെ കായല്‍ യാത്രയ്ക്കുള്ള ഔദ്യോഗിക ബോട്ടായി ഉപയോഗിച്ചുപോന്നു.
പശ്ചിമകൊച്ചിയിലെ പോര്‍ട്ടിന്റെ വര്‍ക്ഷോപ്പിലേക്കും ഹാര്‍ബറിലേക്കും കൂടാതെ കൊച്ചിൻ ഓയിൽ ടെർമിനൽ, (സിഒടി) എറണാകുളം സൗത്ത്, നോര്‍ത്ത് ടാങ്കർ ബർത്തുകൾ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതും ഈ ബോട്ടിലാണ്.
വാസ്കോ 2012ല്‍ പോര്‍ട്ട് മാനേജ്മെന്റ് ലേലം ചെയ്തു. ഇതോടെ കരുവേലിപ്പടിയിലെ സ്വകാര്യ യാര്‍ഡായി ബോട്ടിന്റെ വിശ്രമസങ്കേതം. ലേലം ചെയ്യുംവരെ എല്ലാ വര്‍ഷവും പോര്‍ട്ട് മാനേജ്മെന്റ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.
കപ്പലുകളും ബോട്ടുകളും ലേലത്തില്‍ വാങ്ങി പൊളിച്ചുവില്‍ക്കുന്ന സിത്താര ഗ്രൂപ്പിന്റെ കൈവശമാണ് നിലവിൽ വാസ്കോ. കാലാകാലങ്ങളായി അറ്റകുറ്റപ്പണികളൊന്നുമില്ലാത്തതിനാല് ശോച്യാവസ്ഥയിലും. എന്നാൽ ഒരു കാലഘട്ടത്തിന്റെ സ്മരണ പേറുന്ന ഈ യാനം പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
ബോട്ട് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ച് സ്മാരകമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിത്താര ഗ്രൂപ്പ് ഉടമകളിലൊരാളായ സി.ബി.സാജര്‍ പറഞ്ഞു. പൊളിക്കാന്വേണ്ടിയാണു ലേലത്തില്‍ പിടിച്ചതെങ്കിലും റോബര്‍ട്ട് ബ്രിസ്റ്റോ ഉപയോഗിച്ച ബോട്ടെന്ന പ്രാധാന്യം മനസിലാക്കിയാണ് ഇതു സംരക്ഷിച്ച് നവീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്മാർ നേരത്തേ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഡൊറോത്തിയ എന്ന ചെറുയാനം വെല്ലിംഗ്ടണ്‍ ഐലൻഡ് നോര്‍ത്ത് എന്‍ഡിലെ പാര്‍ക്കില്‍ സംരക്ഷിച്ചിട്ടുണ്ട്. ഇതു സ്ഥാപിച്ചിരിക്കുന്ന ഷെഡ്ഡിന്റെ മേല്‍ക്കൂരയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ശോച്യാവസ്ഥയിലാണ്. മദർ തെരേസ കേരളത്തിലെത്തിയപ്പോൾ ഈ യാനത്തിൽ സഞ്ചരിച്ചിരുന്നു.
സർ റോബർട്ട് ബ്രിസ്റ്റോ
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എന്‍ജിനിയറായിരുന്ന റോബര്‍ട്ട് ബ്രിസ്റ്റോ 1920 ലാണ് കൊച്ചി തുറമുഖം രൂപകല്പന ചെയ്യുന്നതിനായി കൊച്ചിയിലെത്തിയത്. മദ്രാസ് ഗവണ്മെന്റാണ് അദ്ദേഹത്തെ ഈ ജോലിക്കായി നിയോഗിച്ചത്.
തുറമുഖ നിർമാണത്തിനുള്ള ആവശ്യങ്ങൾക്കുൾപ്പെടെ അദ്ദേഹത്തിന്റെ കൊച്ചിയിലെ കായൽയാത്രകൾ വാസ്കോയിലായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മദ്രാസില്‍ പോയി മടങ്ങുന്പോൾ, ഹൈക്കോടതിക്കു സമീപത്തെ പഴയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന റോബര്‍ട്ട് ബ്രിസ്റ്റോയ്ക്കായി കായലില്‍ വാസ്കോ സജ്ജമാക്കിയിട്ടുണ്ടാകും.