കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
Tuesday, August 6, 2024 2:01 AM IST
വാഴക്കുളം: നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കരിമണ്ണൂർ കിളിയറ കാക്കരക്കുന്നേൽ റോബർട്ടിന്റെ മകൻ നെൽവിൻ (22) ആണു മരിച്ചത്. സുഹൃത്തുക്കളായ കരിമണ്ണൂർ അന്പാട്ട് തോമസ് മാർട്ടിൻ, വാട്ടപ്പിള്ളിൽ ഹൃതിക്, ചാമപ്പാറയിൽ അലൻ ഫ്രാൻസിസ് എന്നിവർക്കു പരിക്കേറ്റു.
സുഹൃത്തിനെ എറണാകുളം റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങിവരുന്നതിനിടെ ഞായറാഴ്ച രാത്രി 12ഓടെ വാഴക്കുളം കുരിശുപള്ളി ജംഗ്ഷനിലായിരുന്നു അപകടം.
നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെൽവിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു 11ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. തൊടുപുഴ മുതലക്കോടം ജംഗ്ഷനിലെ മൊബൈൽ ഫോണ് കടയിലെ ജീവനക്കാരനാണ്. അമ്മ: ഷിജി മീങ്കുന്നം കുഴികണ്ണി കുടുംബാംഗം. സഹോദരൻ: നോയൽ.