സഭ നല്കുന്ന കരുതല്‍ വിശ്വാസത്തിന്റെ ഭാഗം: മാര്‍ റാഫേല്‍ തട്ടില്‍
Monday, August 5, 2024 2:42 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ ഒരുവര്‍ഷംനീണ്ടുനിന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢസമാപനം. ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്ക്കുംവേണ്ടിയുള്ള സഭയുടെ കരുതലും ശുശ്രൂഷയും വിശ്വാസത്തിന്റെ ഭാഗമാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍നിന്നും പിന്തള്ളപ്പെട്ടവരേയും അശരണരെയും ഭിന്നശേഷിക്കാരെയും ചേര്‍ത്തുപിടിക്കാന്‍ നന്മനിറഞ്ഞ മനുഷ്യരുടേയും സര്‍ക്കാരുകളുടേയും പിന്‍ബലത്തോടെയാണ് മേഴ്സിഹോം പോലുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. അരനൂറ്റാണ്ടായി മേഴ്സി ഹോം നിര്‍വഹിക്കുന്ന ശുശ്രൂഷ മഹത്തരമാണെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് സന്ദേശം നല്കി.
എസ്ഡി സന്യാസിനി സമൂഹം സുപ്പിരിയര്‍ ജനറല്‍ മദര്‍ ലിസ് ഗ്രേയ്സ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യാൽ സിസ്റ്റര്‍ റീജ എസ്ഡി, എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ എഡ്യുക്കേഷന്‍ വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി ജോസ് എസ്ഡി, ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകുളം സിഎംഐ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, പഞ്ചായത്തംഗം ലാലിമ്മ ടോമി, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ജിലുമോള്‍ മരിയറ്റ് തോമസ്, സാമൂഹ്യക്ഷേമ വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ജ്യോതിസ് എസ്ഡി, മേഴ്സി ഹോം ഡയറക്ടര്‍ സിസ്റ്റര്‍ സെലിന് ജോസ് എസ്ഡി എന്നിവര്‍ പ്രസംഗിച്ചു.