മുല്ലപ്പെരിയാർ ഗതിമാറുന്നു?
കെ.എസ്. ഫ്രാൻസിസ്
Monday, August 5, 2024 2:42 AM IST
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ഡാം സുരക്ഷാ തർക്കം കരാറിന്റെ നിയമ സാധുതയിലേക്കു ഗതിമാറുന്നു. കുമളി ടൗണിനു സമീപം ആവനവച്ചാലിൽ കേരള വനം വകുപ്പ് മെഗാ പാർക്കിംഗ് കോംപ്ലക്സ് നിർമിച്ചതിനെതിരേ 2014ൽ തമിഴ്നാട് നൽകിയ കേസിലാണ് വാദത്തിൽ ഗതിമാറ്റം ഉണ്ടായിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാം കാലപ്പഴക്കത്താൽ ബലക്ഷയമായെന്നും ഡാം ഡികമ്മീഷൻ ചെയ്യണമെന്നുള്ള കേസുകൾ നിലനിൽക്കെയാണ് മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ നിയമസാധ്യത പുതിയ വിഷയമായി സുപ്രീംകോടതി പരിഗണിച്ചിരിക്കുന്നത്.
2014ലെ കേസ് കഴിഞ്ഞ മാസം 29ന് പരിഗണിച്ചപ്പോൾ 1886ലെ കരാർ ഭരണഘടനാപരമായി പരിഗണനാർഹമാണോ എന്നും തമിഴ്നാടിന് ഇത്തരത്തിൽ ഹർജി നൽകാൻ അവകാശമുണ്ടോ എന്നും തുടങ്ങിയ ചോദ്യങ്ങൾ സുപ്രീംകോടതി ഉന്നയിച്ചു. ബ്രിട്ടീഷ് പ്രസിഡൻസിയും തിരുവിതാംകൂർ മഹാരാജാവും തമ്മിലുണ്ടാക്കിയ കരാർ ഇപ്പോഴത്തെ സാഹചര്യത്തിൽ നിലനിൽക്കുന്നതാണോ, ആയതിന്റെ യഥാർഥ അനന്തരാവകാശി കേന്ദ്ര സർക്കാരാണോ എന്നും കോടതി ആരാഞ്ഞിട്ടുണ്ട്.
1956ലെ സംസ്ഥാന പുനഃസംഘടന ആക്ട് പ്രകാരം കരാറിന് നിലനിൽപ്പുണ്ടോ എന്നകാര്യം ഉൾപ്പെടെ 11 ചോദ്യങ്ങളാണ് സുപ്രീംകോടതി പരിഗണാവിഷയമാക്കിയിരിക്കുന്നത്. കേസ് സെപ്റ്റംബർ 30ലേക്കു പോസ്റ്റ്ചെയ്തിരിക്കുകയാണ്. 1886ലെയും 1970ലെ സപ്ലിമെന്ററി കരാറിലെയും വ്യവസ്ഥകൾ ലംഘിച്ച് കേരളം തമിഴ്നാടിന്റെ കരാർ ഭൂമിയിൽ കടന്നുകയറ്റം നടത്തിയിട്ടുണ്ടോ എന്നതും പരിഗണിക്കുന്നുണ്ട്.
1886ൽ ഉണ്ടാക്കിയ കരാറിൽ ഉൾപ്പെട്ട സ്ഥലത്ത് കേരളം അനധികൃതമായി കടന്നു കയറി നിർമാണം (മെഗാ പാർക്കിംഗ് കോംപ്ലക്സ്) നടത്തുകയാണെന്നാണ് തമിഴിനാടിന്റെ പരാതി. കരാറിന്റെ നിയമ സാധുത പരിശോധിക്കുന്നത് മുല്ലപ്പെരിയാർ ഡാം വിഷയം ഡാമിന്റെ സുരക്ഷ എന്ന വിഷയത്തിനപ്പുറത്തേക്കു കാര്യങ്ങൾ എത്തിക്കും.
പെരിയാറും മുല്ലയാറും ചേർന്ന് കേരളത്തിന്റെ പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന നദി ഉത്ഭവ സ്ഥാനത്തുനിന്ന് കിലേമീറ്ററുകൾ മാറി കേരളത്തിൽ മല ഇടുക്കിൽ ഡാം നിർമിച്ച് കിഴക്കോട്ട് തമിഴിനാട്ടിലേക്ക് ഒഴുക്കി അവിടെ ഇപ്പോഴത്തെ അഞ്ചു ജില്ലകളിൽ കൃഷിയും കുടിവെള്ളവും എത്തിക്കുന്നതിനുള്ളതാണ് 1886ലെ മാതൃകരാർ.
ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ ലോവർക്യാന്പിൽ ജലവൈദ്യുത പദ്ധതി ഉണ്ടാക്കി തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പാിക്കാൻ അനുവാദം നൽകുന്നതാണ് 1970ലെ സപ്ലിമെന്ററി കരാർ. ഇതു രണ്ടും സംബന്ധിച്ച വാദമാണ് ഇനിയും നടക്കേണ്ടത്.
കരാറുകൾ സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണ ഉണ്ടാക്കാതെ വന്നാൽ പ്രസ്തുത പ്രദേശം കേന്ദ്ര സർക്കാരിന്റെ അധീനതയിലാക്കാൻ രാജ്യത്ത് നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനു ശേഷം അതിനു മുന്പ് ഉണ്ടാക്കിയിട്ടുള്ള കരാറുകൾ നിലനിൽക്കുമോ എന്നതാണ് മുഖ്യ വിഷയം. 1886ലെ കരാർ പ്രകാരം കേരളത്തിലെ 8000 ഏക്കറിലെ വെള്ളം തമിഴ്നാടിന് ഉപയോഗിക്കാം. സ്ഥലം കേരളത്തിന്റെ അധീനതയിലായിരിക്കും.
കേസ് സങ്കീർണമായാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനു ഇടപെടാം. നിലവിലെ സാഹചര്യത്തിൽ തെക്കേ ഇന്ത്യയിൽ സ്വാധീനം കുറവുള്ള ബിജെപി സർക്കാരിനു തമിഴ്നാട്, കേരള സർക്കാരിനു മേൽ സ്വാധീനമുപയോഗിക്കാനുള്ള വിഷയമായി മുല്ലപ്പെരിയാർ മാറിയേക്കാം.