ഉള്ളുരുക്കത്തിൽ മണികണ്ഠൻ
Monday, August 5, 2024 2:28 AM IST
കൽപ്പറ്റ: നെയ്തതെല്ലാം തകർന്നതിന്റെ ഉള്ളുരുക്കത്തിലാണ് ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽനിന്നു മേപ്പാടി മൗണ്ട് താബോർ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കുടുംബസമേതം കഴിയുന്ന പാലയ്ക്കൽ മണികണ്ഠൻ. ഹാരിസണ്സ് മലയാളം കന്പനിയുടെ തേയിലത്തോട്ടത്തിൽ ലോഡിംഗ് തൊഴിലാളിയായിരുന്ന മണികണ്ഠൻ മുണ്ടക്കൈയിൽ സ്വന്തമായുള്ള ആറു സെന്റിൽ പണിത ഭവനം ഉരുൾവെള്ളം കൊണ്ടുപോയതിലെ ആഘാതം ഇപ്പോഴും അദ്ദേഹത്തെ വിട്ടകലുന്നില്ല.
അരവയർ ഉണ്ടും ഊട്ടിയും മിച്ചംപിടിച്ചതും കടം വാങ്ങിയതുമായ തുക വിനിയോഗിച്ചാണ് വീടുപണി തുടങ്ങിയത്. പ്രവൃത്തി പൂർത്തിയാക്കാൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ തൊഴിലിൽനിന്നു സ്വയം വിരമിച്ചാണ് പണം കണ്ടെത്തിയത്. ഇങ്ങനെ കെട്ടിപ്പൊക്കിയ വീടാണ് ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞത്.
ഈ വീട്ടിൽ മണികണ്ഠനും കുടുംബത്തിനും കഴിയാനായത് കഷ്ടിച്ച് രണ്ടുമാസം. ഭാര്യ സജ്നയും രാഹുൽ, അശ്വിൻ, മിഥുൻ എന്നീ മക്കളും അടങ്ങുന്നതാണ് 44കാരനായ മണികണ്ഠന്റെ കുടുംബം. ചൊവ്വാഴ്ച പുലർച്ചെ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾ പൊട്ടിയതിനു പിന്നാലെ വീടിനു കുറച്ചകലെ ട്രീ വാലി റിസോർട്ടിലേക്ക് മാറിയതാണ് ജീവൻ രക്ഷിക്കാൻ കുടുംബത്തിനു സഹായകമായത്.
ട്രീ വാലി റിസോർട്ടിൽ നെഞ്ചിടിപ്പോടെ മണിക്കൂറുകൾ എണ്ണുന്നതിനിടെയാണ് പുലർച്ചെ രണ്ടിനും നാലിനും ഉരുൾ പൊട്ടി കാതടപ്പിക്കുന്ന ശബ്ദത്തോടെ ജലപ്രവാഹമുണ്ടായത്. നേരം പുലർന്ന് റിസോർട്ടിലെ കണ്ണാടിപ്പാലത്തിൽനിന്നു താഴേക്കു നോക്കിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. അന്നു വൈകുന്നേരം മുണ്ടക്കൈ ഇറങ്ങി ചൂരൽമലയിലെത്തിയ മണികണ്ഠനും കുടുംബവും ഉരുൾവെള്ളം പരന്നൊഴുകിയ പ്രദേശം സൈനികരുടെ സഹായത്തോടെയാണ് മറികടന്നത്.