ക്യാന്പുകളിൽ കഴിയുന്നത് 47 ആദിവാസി കുടുംബങ്ങൾ
Monday, August 5, 2024 2:28 AM IST
കൽപ്പറ്റ: ദുരിതബാധിത മേഖലയിലെ പുഞ്ചിരിമട്ടം, ഏറാട്ടുകുന്ന് ഉന്നതികളിലെ 47 പേരാണ് സംരക്ഷിത ക്യാന്പുകളിലുള്ളത്. ദുരന്തമുണ്ടാകുന്നതിന് മുന്പേ ഏറെ കുടുംബങ്ങളെ അധികൃതർ ഒഴിപ്പിച്ചതും ഏറെ ഗുണകരമായി.
അഞ്ചു കുടുംബങ്ങളിലായി 16 പേരെയായിരുന്നു മഴ കനത്തു പെയ്യാൻ തുടങ്ങുന്നതിനു മുന്പ് തന്നെ പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി മാറ്റിയത്. ഇവരെ ആദ്യം മുണ്ടക്കൈ എൽപി സ്കൂളിലേക്കും പിന്നീട് വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിലെ ക്യാന്പിലേക്കും മാറ്റിയിരുന്നു. ആദ്യ ഉരുൾപൊട്ടലിൽതന്നെ ക്യാന്പിലേക്ക് വെള്ളം കയറിയെങ്കിലും ഇതിനകം മുഴുവൻ പേരെയും ഇവിടെനിന്നു മാറ്റാൻ കഴിഞ്ഞു. ഇതിൽ 14 പേർ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ക്യാന്പിലും രണ്ടു പേർ രോഗബാധിതരായി ആശുപത്രിയിലുമാണ്.
ഏറാട്ടുകുണ്ട് ഉന്നതിയിൽ കാടിനോടു ചേർന്നുള്ള സങ്കേതത്തിലായിരുന്നു അഞ്ച് കുടുംബങ്ങളിലായി 33 പേർ താമസിച്ചിരുന്നത്. ക്യാന്പിലേക്ക് മാറാൻ വിസമ്മതിച്ചിരുന്ന ഇവരെയും മലയിറക്കി ക്യാന്പിലെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന് കഴിഞ്ഞു. ഇതിൽ 24 പേരെ അട്ടമല എച്ച്എംഎൽ പാടി ക്യാന്പിലാണ് പാർപ്പിച്ചത്. സുരക്ഷിത ഇടങ്ങൾ തേടിപ്പോയ മറ്റുള്ളവരെയും അധികൃതർ ഇടപെട്ട് ക്യാന്പിലെത്തിച്ചു.
ഉരുൾപൊട്ടലുണ്ടാകുന്നതിനു മുന്പ് വനത്തിലേക്കു പോയ പുഞ്ചിരിമട്ടത്തെ രണ്ട് ആദിവാസികളെ തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പട്ടികവർഗ വികസന വകുപ്പ്.