വന്ദേ മെട്രോ ട്രെയിനിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല. ഓരോ കോച്ചുകളിലും 100 പേർക്ക് ഇരിക്കാം. ആഡംബര സീറ്റുകളാണ് ഇതിനായി ഏർപ്പെടുത്തിയിട്ടുള്ളത്. 200 പേർക്ക് നിൽക്കാൻ സൗകര്യത്തിന് സ്റ്റാൻഡുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഓട്ടോമാറ്റിക് ഇരട്ട വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ചാർജിംഗ്, ഡിജിറ്റൽ നോട്ടീസ് ബോർഡുകൾ, നിരീക്ഷണ കാമറകൾ, അത്യാധുനിക ടോയ്ലറ്റുകൾ എന്നിവയും മറ്റ് പ്രത്യേകതകളാണ്. ഹ്രസ്വദൂര സർവീസ് ആയതിനാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടാകില്ല. സാധാരണ പാസഞ്ചർ സർവീസുകളിലേത് പോലെ അതത് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കണം. പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പുണ്ടാകും. ടിക്കറ്റ് നിരക്കുകളും അന്തിമമായി തീരുമാനിച്ചിട്ടില്ല. മുന്തിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സൂപ്പർ ഫാസ്റ്റ് ചാർജ് ഏർപ്പെടുത്താനാണ് സാധ്യത.
കേരളത്തിൽ എറണാകുളം-കോഴിക്കോട്, തിരുവനന്തപുരം-എറണാകുളം, കോഴിക്കോട് -പാലക്കാട്, കോട്ടയം-പാലക്കാട്, എറണാകുളം-കോയമ്പത്തൂർ, ഗുരുവായൂർ-മധുര, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, കോഴിക്കോട് - മംഗലാപുരം, നിലമ്പൂർ-മേട്ടുപ്പാളയം എന്നീ റൂട്ടുകളാണ് വന്ദേ മെട്രോ സർവീസ് നടത്താൻ പരിഗണിക്കുന്നത്.