അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മുങ്ങിമരിച്ചു
Monday, August 5, 2024 2:04 AM IST
നെടുമങ്ങാട്: കരമനയാറിലെ മുന്നാറ്റ് മുക്കിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലുപേർ മുങ്ങിമരിച്ചു. ആര്യനാട് കോട്ടക്കകം പൊട്ടച്ചിറ ശ്രനിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര വൈകുണ്ഡത്തിൽ സുനിൽകുമാർ-മിനി ദമ്പതികളുടെ മകൻ അദ്വൈത് (അപ്പു-20), അനിൽകുമാറിന്റെ സഹോദരി കഴക്കൂട്ടം കുളത്തൂർ കൈലാസത്തിൽ സനൽ കുമാർ-ശ്രീപ്രിയ ദമ്പതികളുടെ മകൻ ആനന്ദ് (25)എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
അനിൽ കുമാറിന്റെ സഹോദരിയുടെ മകൻ ആനന്ദ് വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റുള്ളവർ. കുളത്തൂർ സ്വദേശികളായ അനിൽകുമാറും മകൻ അലനും കുറച്ചുനാളായി ആര്യനാട്ട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരെ കാണാനാണ് അനിൽകുമാറിന്റെ സഹോദരന്റെ മകൻ അദ്വൈദും സഹോദരിയുടെ മകൻ ആനന്ദും ആര്യനാട്ടെത്തിയത്.
ഐജി അർഷിദ അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ. ഭാര്യ: സരിത. മറ്റൊരു മകൻ അഖിൽ. മൃതദേഹങ്ങൾ ആര്യനാട് ആശുപത്രിയിൽ എത്തിച്ച് ഇൻക്വാസ്റ്റ് നടപടികൾക്കുശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.