പുനരധിവാസത്തിന് ടൗൺഷിപ്പ്
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ടൗണ്‍ഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും ഇതിനു ശേഷം പുനരധിവാസത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിഞ്ഞത് 148 മൃതദേഹങ്ങൾ
148 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിയുകയും 119 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളുമാണുള്ളത്. 81 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുണ്ട്. 205 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 10 ക്യാന്പുകളിലായി 1707 പേർ കഴിയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നു
ഇന്നലെ മാത്രം 40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴു മുതൽ തെരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർഫോഴ്സിൽനിന്നും 460 പേർ, ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 120 അംഗങ്ങൾ, വനം വകുപ്പിൽനിന്നും 56 പേർ, പോലീസ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എൻജിനിയറിംഗ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽനിന്നായി 640 പേർ, തമിഴ്നാട് ഫയർഫോഴ്സിൽനിന്നും 44 പേർ, കേരള പോലീസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽനിന്നും 15 പേർ എന്നിങ്ങനെ ആകെ 1,419 പേരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തുടരുന്നത്.
ദൗത്യത്തിൽ തമിഴ്നാട് മെഡിക്കൽ സംഘവും
കേരള പോലീസിന്റെ കെ 9 സ്ക്വാഡിൽ പ്പെട്ട മൂന്ന് നായ്ക്കളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായ്ക്കളും ദൗത്യത്തിൽ ഉണ്ട്. തമിഴ്നാട് മെഡിക്കൽ ടീമിൽനിന്നുള്ള ഏഴു പേരും സന്നദ്ധരായി രക്ഷാദൗത്യത്തിൽ ഉണ്ട്.
അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളിൽ നടത്തിയ തെരച്ചിലിൽ ഇന്നലെയും മൃതദേഹങ്ങൾ കണ്ടെത്താനായി.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ അംശമുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമൻ റെസ്ക്യൂ റഡാർ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താൻ ഈ ഉപകരണത്തിനു കഴിയും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാർ ഉടനെ എത്തും.