അഞ്ചാംദിനം ചാലിയാറില്‍നിന്നു കണ്ടെടുത്തത് രണ്ടു മൃതദേഹങ്ങളും ആറ് ശരീര ഭാഗങ്ങളും
Sunday, August 4, 2024 2:12 AM IST
എടക്കര (മലപ്പുറം): മുണ്ടെക്കൈ ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ക്കായി നടത്തിയ അഞ്ചാം ദിവസത്തെ തെരച്ചിലില്‍ രണ്ട് മൃതദേഹങ്ങളും ആറ് ശരീര ഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
ചാലിയാര്‍ പുഴയുടെ ഇരുട്ടുകുത്തി മുതല്‍ താഴെയ്ക്കുള്ള ഭാഗങ്ങളില്‍ മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്, നിലമ്പൂര്‍ ഡിവൈഎസ്പി പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരാണ് പുഴയുടെ ഇരുതീരങ്ങളിലും വിശദമായ പരിശോധന നടത്തി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്.
അമ്പിട്ടാംപൊട്ടി തകര്‍ന്ന പാലത്തിനടിയില്നിന്നും പനങ്കയം പാലത്തിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങൾ കിട്ടിയത്. ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൈകള്‍, കാലുകള്‍ തുടങ്ങിയ ശരീര ഭാഗങ്ങളും ലഭിച്ചു.
വനം, പോലീസ് സേനകള്‍ സംയുക്തമായി ഇരുട്ടുകുത്തിക്ക് മുകള്‍ ഭാഗത്ത് ചാലിയാറിന്റെ ഇരുകരകളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. നൂറുക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്നലെ ചാലിയാറിന്റെ തീരങ്ങളില്‍ നടന്ന പരിശോധനയില്‍ ഏര്‍പ്പെട്ടത്.
വൈകുന്നേരം നാലരയോടെ മേഖലയിലെ ഇന്നലെത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചാലിയാര്‍ പുഴയോരങ്ങളില്‍ സമഗ്രമായ പരിശോധന നടത്താന്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.