മൃഗസംരക്ഷണ മേഖലയിൽ 2.5 കോടി രൂപയുടെ നഷ്ടം
Sunday, August 4, 2024 2:12 AM IST
കൽപ്പറ്റ: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ജീവൻ നഷ്ടമായ വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്.
ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകൾ നശിച്ചു. ഒഴുക്കിൽ പെട്ടും മണ്ണിനടിയിൽ പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രക്ഷാ പ്രവർത്തന സംഘം സന്ദർശിക്കുകയും 20 മൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും ചികിത്സയും നൽകുകയും ചെയ്തിരുന്നു.