ദുരന്തഭൂമിയിൽ വഴികാട്ടികളായി ഡോഗ് സ്ക്വാഡുകൾ
Sunday, August 4, 2024 2:12 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ. കരസേന, പോലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്.
പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് മുതൽ രക്ഷാപ്രവർത്തനത്തിന് അണിചേർന്ന ശ്വാനസേനയുടെ സഹായത്താൽ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്.
പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിന്റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലന്പൂരിൽ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ എയ്ഞ്ചൽ എന്ന നായയും ജോലിയിലുണ്ട്.