മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി നൽകും
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടൻ മോഹൻലാൽ എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 122 ഇൻഫൻട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണൽകൂടിയാണ് മോഹൻലാൽ.
സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോർ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നു ആദ്യസന്ദർശനം. തുടർന്ന് ചൂരൽമലയിയും ബെയ്ലി പാലം വഴി മുണ്ടക്കൈയിലുമെത്തി.
മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീടുകൾക്കരികിലൂടെ ദുഷ്കരമായ വഴികൾ താണ്ടി പുഞ്ചിരിമട്ടത്തും മോഹൻലാൽ സന്ദർശനം നടത്തി.
തിരികെ ചൂരൽമലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജർ ജനറൽ എൻ.ടി. മാത്യു, സംവിധായകൻ മേജർ രവി, ലെഫ്റ്റനന്റ് രാഹുൽ, ഡിഫൻസ് സെക്യൂരിറ്റി കോർ കമൻഡാന്റ് പി.എസ്. നാഗര, കേണൽ ബെൻജിത്ത് തുടങ്ങിയവരും നടനൊപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽപി വിദ്യാലയം പുതുക്കിപ്പണിയുന്നതിന് മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിതമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ പറഞ്ഞു.
ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും രക്ഷാപ്രവർത്തകർ നൽകുന്ന സേവനം മഹത്തരമാണെന്നും മോഹൻലാൽ പറഞ്ഞു.