അമ്മ എവിടെ? .. ആശുപത്രിക്കിടക്കയില്‍ അവന്തിക ചോദിക്കുന്നു!
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ വാർഡിൽ സഹിക്കാവുന്നതിനും അപ്പുറമുള്ള വേദനയ്ക്കിടയിലും എട്ടുവയസുകാരി അവന്തിക അമ്മമ്മയോട് (അമ്മയുടെ അമ്മ) ചോദിച്ചു: അമ്മ എവിടെ? ഇതുകേട്ട അമ്മമ്മ ലക്ഷ്മി മിഴിനീർ മറച്ചുവച്ച് പേരമകൾക്ക് ഉത്തരം നൽകി, അടുത്ത മുറിയിലുണ്ട്. അപ്പോൾ, നമുക്ക് അങ്ങോട്ട് പോകാമെന്നായി അവന്തിക. ഇതിനോടു പ്രതികരിക്കാനാകാതെ ലക്ഷ്മി അടുത്തുള്ള കിടക്കയ്ക്ക് അടുത്തേക്ക് മാറി അവന്തിക കാണാതെ തേങ്ങി.
മുണ്ടക്കൈയിൽ എസ്റ്റേറ്റ് പാടിമുറിയിൽ താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ പ്രശോഭിന്റെയും ഹാരിസണ്‍സ് തേയിലത്തോട്ടം തൊഴിലാളി വിജയലക്ഷ്മിയുടെയും മകളാണ് അമ്മു എന്നു വിളിക്കുന്ന അവന്തിക.
14 വയസുള്ള സഹോദരൻ അച്ചുവും അമ്മമ്മ ലക്ഷ്മിയും അടങ്ങുന്നതായിരുന്നു വെള്ളാർമല സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അവന്തികയും കുടുംബവും. ഉരുൾപൊട്ടലിനു പിന്നാലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരിൽ ചിലരാണ് ഗുരുതര പരിക്കേറ്റ നിലയിൽ അവന്തികയെ കണ്ടെത്തിയത്. അവന്തികയുടെ വലതുകാലിനു പൊട്ടലുണ്ട്. കല്ലിലും മറ്റും തട്ടിയുണ്ടായ ചതവിന്റെ പാടുകളാണ് മുഖം നിറയെ.
അവന്തികയുടെ അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തി. പ്രശോഭിനെക്കുറിച്ച് ഇന്നലെയും വിവരമില്ല. ഈ വിവരം അറിയിക്കാതെയാണ് അവന്തികയെ അമ്മമ്മ ആശുപത്രിക്കിടക്കയിൽ പരിപാലിക്കുന്നത്.