പ്രകൃതിദുരന്തത്തെത്തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കൽപ്പറ്റയിലെ കളക്ടറേറ്റിലാണ് ബേസ് സ്റ്റേഷൻ. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാർ ഇവിടേക്ക് വിവരങ്ങൾ കൈമാറുന്നു.
ഉരുൾജല പ്രവാഹത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ സെൽ ടവറുകൾ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവിൽ സെൽ ഫോണ് സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.
അന്പലവയൽ പൊൻമുടിക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള ഫാന്റം റോക്ക് റിപ്പീറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപ്പറേറ്റർമാരുടെ സംഘടനയായ സുൽത്താൻ ബത്തേരി ഡിഎക്സ് അസോസിയേഷനാണ് റിപ്പീറ്റർ സ്ഥാപിച്ചത്. അസോസിയേഷൻ ചെയർമാൻ സാബു മാത്യു, സീനിയർ ഹാം ഓപ്പറേറ്ററും സുൽത്താൻ ബത്തേരി ഗവ.ആശുപത്രിയിലെ പൾമണോളജിസ്റ്റുമായ ഡോ. ഏബ്രഹാം ജേക്കബ് എന്നിവരാണ് ഹാം റേഡിയോ സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അഭ്യർഥിച്ചതിനെത്തുടർന്ന് ദുരന്തദിനത്തിൽ തന്നെ ഹാം റേഡിയോ ഓപ്പറേറ്റർമാർ രംഗത്തിറങ്ങിയിരുന്നു. മുണ്ടക്കൈയിലെത്തിയെ ആദ്യ സേനാസംഘം ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശവാസികളെ അവിടേക്കെത്തിക്കാൻ തുണയായത് ഹാം റേഡിയോ സന്ദേശമാണ്.
നിലവിൽ ചൂരൽമല-മുണ്ടക്കൈ രക്ഷാപ്രവർത്തക സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ഉറപ്പാക്കി മേഖലയിൽനിന്നു ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം കളക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്.
എം. നിധീഷ്, അശ്വിൻദേവ്, ഡോ. രോഹിത് കെ. രാജ്, അനൂപ് മാത്യു, കെ.എൻ. സുനിൽ, എം.വി. ശ്യാംകുമാർ, മാർട്ടിൻ കെ. ഡൊമിനിക്, ടി.വി. സന്തോഷ്, സുനിൽ ജോർജ് എന്നിവരാണ് ചൂരൽമലയിലെ രക്ഷാപ്രവർത്തന വിവരങ്ങൾ പ്രക്ഷേപണ കേന്ദ്രം മുഖേന കളക്ടറേറ്റിലേക്ക് കൈമാറുന്നത്.