ഉരുളെടുത്തു സ്നേഹത്തണൽ! സ്നേഹയും ഹർഷയും തനിച്ചായി
Saturday, August 3, 2024 2:03 AM IST
മേപ്പാടി: അമ്മയും അച്ഛനും തോട്ടത്തിൽ പണിക്കു പോയത് എന്നെ പഠിപ്പിച്ചു മിടുക്കിയാക്കാനാ... എന്നെ കൂട്ടാതെ അവർ പോയി...
സ്നേഹയുടെ വാക്കുകൾ ചുറ്റുമുണ്ടായവരെയും കരയിച്ചു. കണ്ണീരുണങ്ങാത്ത ആ മുഖം നോക്കി നിസഹായകമായി കൂട്ടുകാരും ബന്ധുക്കളും.
മാതാപിതാക്കളായ ചൂരമലയിലെ ബാലചന്ദ്രനെയും (52) അജിതയെയും (49) ഉരുളെടുത്തു കൊണ്ടുപോയപ്പോൾ തനിച്ചായത് അവരുടെ രണ്ടു പെൺമക്കളാണ്. സ്നേഹയും ചേച്ചി ഹർഷയും. ഇവരുടെ പുതിയ വീടും തകർന്നു.
കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിൽ എസിസിഎയ്ക്കു പഠിക്കുന്ന സ്നേഹ അപകടസമയത്തു ഹോസ്റ്റലിലായിരുന്നു. ഹർഷ യുകെയിൽ നഴ്സാണ്. ആറു മാസം മുൻപാണ് അവിടേക്കു പോയത്.
ഹർഷ ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ചെന്നു കയറാൻ ഇനി ഇവർക്ക് വീടില്ല...
ഇരുവരെയും ചേർത്തുപിടിക്കേണ്ട അച്ഛനും അമ്മയും കാണാമറയത്താണ്. ബാലചന്ദ്രനെയും അജിതയെയും ഇനിയും കണ്ടുകിട്ടിയിട്ടില്ല. മേപ്പാടിയിലെ ബന്ധുവിന്റെ വീട്ടിലാണ് സ്നേഹയും ഹർഷയും ഇപ്പോൾ താമസിക്കുന്നത്.