25 ആംബുലൻസുകളാണ് മേപ്പാടി പോളിടെക്നിക് കാന്പസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും. മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽനിന്നു ഡ്രോണ്‍ ബേസ്ഡ് റഡാർ ഇന്നെത്തും. നിലവിൽ ആറ് നായ്ക്കളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽനിന്നു നാലു കഡാവർ നായ്കൾ കൂടി പുറപ്പെട്ടിട്ടുണ്ട്.
കഡാവര്‍ നായ എത്തി എടക്കര (മലപ്പുറം): മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തി മണ്ണിനടിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായയും. ഇടുക്കിയില്‍നിന്നാണ് എയ്ഞ്ചല്‍ എന്ന കഡാവര്‍ നായയെ ഇന്നലെ ഇരുട്ടുകുത്തിയിലെത്തിച്ചത്.
മണ്ണിനടിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ കേരളത്തിലെ നായ്ക്കളിലൊന്നാണ് എയ്ഞ്ചല്‍. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് എയ്ഞ്ചലുമായി നാലംഗ പോലീസ് സംഘം ഇരുട്ടുകുത്തിയിലെത്തിയത്. തുടര്‍ന്ന് ചാലിയാറിന്റെ ഇരുട്ടുകുത്തി മുതല്‍ മാളകം വരെയുള്ള തീരങ്ങളില്‍ സംഘം നായയുമായി പരിശോധന നടത്തി. വൈകുന്നേരം വരെ പരിശോധന തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താന്‍ എയ്ഞ്ചലിനായില്ല.
2022ല്‍ തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍പെട്ട രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എയ്ഞ്ചലായിരുന്നു.
ടിജോ, ടിനു ടിജു, അഖില്‍, പ്രിന്‍സ് എന്നീ സിപിഒമാരടങ്ങിയ സംഘമാണ് എയ്ഞ്ചലുമായെത്തിയത്. കഡാവര്‍ നായ്ക്കള്‍ എല്ലാത്തരം കേസുകളിലും 95 ശതമാനം കൃത്യത നല്‍കുന്നതായി തെളിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ കുറ്റാന്വേഷണരംഗത്ത് അവിഭാജ്യഘടകങ്ങളായി കഡാവര്‍ നായ്ക്കള്‍ മാറിയിട്ടുണ്ട്.