നാലാം ദിനം ചാലിയാറില്‍ അഞ്ച് മൃതദേഹങ്ങള്‍
Saturday, August 3, 2024 2:03 AM IST
എടക്കര (മലപ്പുറം): മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ അടിഞ്ഞ അഞ്ച് മൃതദേഹങ്ങളും പത്ത് ശരീര ഭാഗങ്ങളും നാലാംദിനത്തിലെ തെരച്ചിലില്‍ സംയുക്ത സേനകള്‍ കണ്ടെടുത്തു.
ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നാണ് സംയുക്ത സേനകളും സന്നദ്ധ സംഘടനകളും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഇന്നലെ രാവിലെ മുതല്‍ എന്‍ഡിആര്‍എഫ്, നവികസേന, അഗ്നിരക്ഷാസേന, വനം, പോലീസ് സേനകള്‍, ഇആര്‍എഫ് എന്നിവയുടെ നേതൃത്വത്തില്‍ ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.
വാണിയംപുഴ വനമേഖലയില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത്. അമ്പിട്ടാംപൊട്ടിയില്നിന്ന് ഒരു കാലും കുട്ടംകുളത്ത് നിന്നു സ്ത്രീ ശരീരവും മറ്റൊരു ശരീരവുമാണ് ലഭിച്ചത്. എഴുമംപാടത്തുനിന്ന് ഒരു കുട്ടിയുടെ ശരീരമാണ് ലഭിച്ചത്. ഈ ശരീരം ബന്ധുക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് കണ്ടെത്തിയവര്‍ പറഞ്ഞു.
കൈപ്പിനി പാലത്തിനു താഴെ ഭാഗത്തുനിന്നുമാണ് മറ്റൊരു മൃതദേഹം ലഭിച്ചത്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഉച്ചവരെ മഴ മാറിനിന്നത് അനകൂലഘടകമായി. ഉച്ചയോടെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഇരുട്ടുകുത്തിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അവസാന മൃതദേഹം കണ്ടെത്തുംവരെ ചാലിയാര്‍ പുഴയില്‍ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. ഇന്നും പരിശോധനകള്‍ തുടരും.